പ്രഭാകറിന് കോഴ വാഗ്ദാനം ചെയ്തത് കപില്‍ദേവെന്ന് ബിന്ദ്ര
ദില്ലി: ഇന്ത്യന്‍ ഓള്‍ റൗണ്ടറായിരുന്ന പ്രഭാകറിന് പണം വാഗ്ദാനം ചെയ്തത് കപില്‍ ദേവാണെന്ന് മുന്‍ ബി.സി.സി.ഐ. പ്രസിഡണ്ട് ഐ.എസ്. ബിന്ദ്ര ആരോപിച്ചു.
94-ല്‍ ശ്രീലങ്കയില്‍ നടന്ന സിംഗര്‍ കപ്പില്‍ പ്രഭാകറിന് കഴിവില്‍ കുറഞ്ഞ് കളിക്കാര്‍ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തത് ക്രിക്കറ്റ് ലോകത്തെ വലിയൊരാളാണ്. അയാള്‍ ഇന്ത്യയുടെ മൈക്കല്‍ ജോര്‍ദനാണ്. മറ്റാരുമല്ല കപില്‍ ദേവ്, സി.എന്‍.എന്നുമായുള്ള അഭിമുഖത്തില്‍ ബിന്ദ്ര പറഞ്ഞു.
തനിക്ക് കോഴ വാഗ്ദാനം ചെയ്തയാളുടെ പേര് സി.ബി.ഐക്ക് വെളിപ്പെടുത്തുമെന്ന് പ്രഭാകര്‍ തന്നോട് പറഞ്ഞതായി ബിന്ദ്ര അവകാശപ്പെട്ടു. ലണ്ടനില്‍ ഐ.സി.സി. യോഗത്തിന് പോകേണ്ടി വന്നതിനാല്‍ കപില്‍ദേവിനോട് പ്രഭാകറിന്റെ അവകാശവാദത്തെക്കുറിച്ച് സംസാരിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഐ.സി.സിയിലുള്ള ചിലര്‍ക്ക് എതിരായ വിവരങ്ങള്‍ തന്റെ പക്കലുള്ളതുകൊണ്ടാണ് യോഗത്തില്‍ തന്നെ സാക്ഷിയാക്കാതെ വെറും പ്രതിനിധിയായി ഉള്‍പ്പെടുത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ഭരണാധികാരികളുടെ അറിവില്ലാതെ ക്രിക്കറ്റില്‍ വാതുവെപ്പ് ഇത്രയും വ്യാപകമാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ടീമിലെ ചില കളിക്കാര്‍ വാതുവെപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ബി.സി.സി.ഐ. പ്രസിഡണ്ടായിരുന്നപ്പോള്‍ ബാര്‍ബഡോസില്‍ നടന്ന ഒരു മാച്ച് ചില ഇന്ത്യന്‍ കളിക്കാര്‍ കളഞ്ഞു കുളിച്ചിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്യാപ്റ്റനായി ടീമിന്റെ മാനേജര്‍ മദന്‍ലാലായിരുന്നു, അദ്ദേഹം ഓര്‍മ്മിച്ചു.
തന്റെ അറിവില്‍ 70-ല്‍ തന്നെ വാതുവെപ്പ് ക്രിക്കറ്റില്‍ പ്രചാരത്തിലായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ഇത് ഒരു വര്‍ഗത്തിന്റെയോ വര്‍ണത്തിന്റെയോ പ്രശ്നമല്ല. വലിയൊരു ശസ്ത്രക്രിയ ആവശ്യമായ ക്യാന്‍സറാണ്, അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications