കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണം കപില്‍ നിഷേധിച്ചു
ദില്ലി: മനോജ് പ്രഭാകറിന് കോഴ വാഗ്ദാനം ചെയ്തുവെന്ന് മുന്‍ ഐ.സി.സി. പ്രസിഡണ്ട് ഐ.എസ്. ബിന്ദ്ര തനിക്കെതിരെ ഉയര്‍ത്തിയിരിക്കുന്ന ആരോപണം ക്രൂരവും അടിസ്ഥാനരഹിതവുമാണെന്ന് പറഞ്ഞ് കപില്‍ ദേവ് നിഷേധിച്ചു. സംഭവത്തില്‍ വേണ്ട നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച രാത്രി സി.എന്‍.എന്നുമായുള്ള അഭിമുഖത്തിലാണ് 1994-ലെ സിംഗര്‍ കപ്പില്‍ പ്രഭാകറിന് കപില്‍ദേവ് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് ബിന്ദ്ര ആരോപിച്ചത്.
സി.എന്‍.എന്‍. സംപ്രേഷണം ചെയ്ത ഒരഭിമുഖത്തില്‍ എനിക്കെതിരെ ക്രൂരവും അടിസ്ഥാനരഹിതവുമായ ആരോപണം ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഞാന്‍ എന്റെ അഭിഭാഷകരുമായി സംസാരിച്ചു. ഈ ആരോപണം ഉന്നയിച്ചയാള്‍ക്കെതിരെ അവര്‍ വേണ്ട നിയമനടപടികള്‍ കൈക്കൊള്ളും, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ കോച്ചായ കപില്‍ പറഞ്ഞു.
എന്നാല്‍ സംഭവത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും ബിന്ദ്രയുടെ ആരോപണം മനോജ് പ്രഭാകര്‍ സമ്മതിക്കുകയാണെങ്കില്‍ മറുപടി പറയാമെന്നുമായിരുന്നു കപില്‍ നേരത്തെ പറഞ്ഞിരുന്നത്.
ഞാനാകെ ആശയക്കുഴപ്പത്തിലാണ്. ബിന്ദ്രയുടെയുടെ പ്രസ്താവനക്കോ പ്രഭാകറിന്റെ ആരോപണത്തിനോ ഞാന്‍ മറുപടി പറയേണ്ടതുണ്ടോ? പ്രഭാകര്‍ വെളിപ്പെടുത്തിയെന്ന് പറഞ്ഞ് ബിന്ദ്ര അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത് എന്താണെന്നുപോലും എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല, ആരോപണത്തെക്കുറിച്ച് കപില്‍ പ്രതികരിച്ചിതിങ്ങനെയായിരുന്നു.
എന്നാല്‍ ബിന്ദ്രയുടെ ആരോപണത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ മനോജ് പ്രഭാകര്‍ സ്ഥലത്തില്ല.
അതേ സമയം കപില്‍ ദേവിന്റെ കോച്ച് ഡി.പി. ആസാദ് ബിന്ദ്രയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് പറഞ്ഞു. കുറെ വര്‍ഷങ്ങളായി എനിക്ക് കപിലിനെ അറിയാം. അയാള്‍ക്ക് അങ്ങനെ ചെയ്യാനാവില്ല, ആസാദ് പറഞ്ഞു.
വാതുവെപ്പിനെക്കുറിച്ച് കേന്ദ്ര സ്പോര്‍ട്സ് മന്ത്രി വിളിച്ചുകൂട്ടിയ ഉന്നതതലയോഗത്തില്‍ ആസാദ് പങ്കെടുത്തിരുന്നു.












Click it and Unblock the Notifications