റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം സി.ബി.ഐ. ബിന്ദ്രയുടെ മൊഴിയെടുക്കും
ന്യൂദില്ലി: ക്രിക്കറ്റിലെ അഴിമതിയെയും വാതുവെപ്പിനെയും കുറിച്ച് മുന്‍ ബി.സി.സി.ഐ. പ്രസിഡണ്ട് ഐ.എസ്. ബിന്ദ്ര സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം സി.ബി.ഐ. അദ്ദേഹത്തിന്റെ മൊഴിയെടുക്കും.
ജോയിന്റ് ഡയറക്ടര്‍ ആര്‍.എന്‍. സവാനിയുടെ നേതൃത്വത്തിലുള്ള സി.ബി.ഐ. സംഘം ഇപ്പോഴും ബിന്ദ്ര നല്‍കിയ രേഖകള്‍ പരിശോധിച്ചുവരികയാണെന്ന് സി.ബി.ഐ. വൃത്തങ്ങള്‍ അറിയിച്ചു. അതിനുശേഷം മാത്രമേ ബിന്ദ്ര ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അദ്ദേഹത്തോട് വിവരം ആരായൂ. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രേഖകളുടെ പരിശോധന അവസാനിക്കും. ബിന്ദ്രയുടെ മൊഴിയെടുപ്പ് അടുത്ത ആഴ്ചയില്‍ നടക്കുമെന്ന് കരുതുന്നു.
എന്നാല്‍ തനിക്ക് ഇതിനകം തന്നെ ഒരു ചോദ്യാവലി ലഭിച്ചിട്ടുണ്ടെന്നും താന്‍ അതിനുള്ള മറുപടി തയ്യാറാക്കുകയാണെന്നുമാണ് ബിന്ദ്ര അവകാശപ്പെടുന്നത്. ഇതിനെക്കുറിച്ച് എന്തെങ്കിലും പറയാന്‍ സി.ബി.ഐ. വൃത്തങ്ങള്‍ വിസമ്മതിച്ചു.
മെയ് 15-നാണ് ബിന്ദ്ര സി.ബി.ഐ സംഘത്തെക്കണ്ട് 360 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 96-നു ശേഷം ടി.വിയില്‍ ക്രിക്കറ്റ് സംപ്രേഷണം ചെയ്തതും ഷാര്‍ജ, സിങ്കപ്പൂര്‍, ടൊറന്റോ എന്നിവിടങ്ങളില്‍ നടന്ന മത്സരങ്ങളിലെ ക്രമക്കേടുകളും ബിന്ദ്ര തന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് കരുതുന്നു. മുന്‍ ഇന്ത്യന്‍ ടീം മാനേജര്‍ സുനില്‍ദേവ് ഉള്‍പ്പെടെ നാലു പേരെ സി.ബി.ഐ. ഇതിനകം തന്നെ ചോദ്യം ചെയ്തിട്ടുണ്ട്.
ടീമിലെ ഒരു മുതിര്‍ന്ന കളിക്കാരന്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്തെന്ന് അവകാശപ്പെടുന്ന മനോജ് പ്രഭാകറിന്റെ മൊഴിയും സി.ബി.ഐ. എടുക്കും. എന്നാല്‍ അതിനുള്ള തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഇന്ത്യന്‍ ക്രിക്കറ്റിലെ വാതുവെപ്പിനെയും കളിയുറപ്പിക്കലിനെയും മറ്റു അഴിമതികളെയും കുറിച്ച് അന്വേഷക്കാന്‍ കേന്ദ്ര സര്‍ക്കാരാന് സി.ബി.ഐയെ ചുമതലപ്പെടുത്തിയത്. മെയ് രണ്ടിനാണ് അന്വേഷണം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെയും മുമ്പത്തെയും ക്രിക്കറ്റ് കളിക്കാരെയും ഭരണാധികാരികളെയും മറ്റു ജീവനക്കാരെയും സി.ബി.ഐ. കാണും.












Click it and Unblock the Notifications