യൂഹാനക്ക് സെഞ്ച്വറി, പാക്കിസ്ഥാന്‍ 253-ന് പുറത്ത്
ബ്രിഡ്ജ്ടൗണ്‍: യൂസഫ് യൂഹാന നേടിയ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ വെസ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ പാക്കിസ്ഥാന്‍ 253 റണ്ണെടുത്തു. ആദ്യദിവസം കളി നിര്‍ത്തുമ്പോള്‍ വെസ്റിന്‍ഡീസ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ രണ്ടു റണ്ണെടുത്തിട്ടുണ്ട്. രണ്ടു റണ്ണെടുത്ത ഷെര്‍വിന്‍ കാംബെല്ലും റണ്ണൊന്നുമെടുക്കാതെ എ. ഗ്രിഫിത്തുമാണ് ക്രീസില്‍.
രാവിലെ ടോസ് നേടി ബാറ്റിംഗാരംഭിച്ച പാക്കിസ്ഥാന് തുടക്കം മുതലേ പിഴച്ചു. മുഹമ്മദ് വസീം (4), ഇമ്രാന്‍ നസീര്‍ (2), യൂനിസ് ഖാന്‍ (0), ഇന്‍സമാം ഉള്‍ ഹഖ് (8), അബ്ദുള്‍ റസാഖ് (1) എന്നിവര്‍ വന്നതും പോയതും ഒരുമിച്ചു കഴിഞ്ഞപ്പോള്‍ പാക്കിസ്ഥാന്‍ അഞ്ചു വിക്കറ്റിന് 37 റണ്‍ എന്ന നിലയിലേക്ക് മൂക്കു കുത്തിവീണു.
പിന്നീട് ക്യാപ്റ്റന്‍ മോയിന്‍ ഖാനുമൊത്ത് ഇന്നിംഗ്സ് പടുത്തുയര്‍ത്തിയ യൂഹാന 235 പന്തില്‍ നിന്ന് 115 റണ്ണെടുത്തു. യൂഹാനയുടെ മുഴുനീള ഇന്നിംഗ്സില്‍ 14 ഫോറുകളും പിറന്നു. മോയിന്‍ ഖാന്‍ (38) പുറത്തായ ശേഷം മുന്‍ ക്യാപ്റ്റന്‍ വസീം അക്രമാണ് യൂഹാനക്ക് കൂട്ടായെത്തിയത്. ചായക്കു പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ ആറു വിക്കറ്റിന് 162 റണ്‍ എന്ന നിലയിലെത്തിയിരുന്നു. 67 പന്തില്‍ നിന്ന് 42 റണ്ണെടുത്ത അക്രം ആംബ്രോസിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.
വാലറ്റക്കാരായ സഖ്ലെയ്ന്‍ മുഷ്താഖും (12) വഖാര്‍ യൂനിസും (14) യൂഹാനയ്ക്ക് നല്ല പിന്തുണ നല്‍കി. മുഷ്താഖ് അഹമ്മദ് രണ്ടു റണ്ണുമായി പുറത്താകാതെ നിന്നു.
വെസ്റിന്‍ഡീസിനു വേണ്ടി കോട്നി വാല്‍ഷ് അഞ്ചു വിക്കറ്റ് വീഴ്ത്തി. പാക്കിസ്ഥാന്‍ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ കര്‍ട്ലി ആംബ്രോസും റിയോണ്‍ കിംഗുമൊത്ത് വാല്‍ഷ് കൊടുങ്കാറ്റു തന്നെ അഴിച്ചു വിട്ടു. ആംബ്രോസ് രണ്ടും കിംഗ് ഒന്നും വിക്കറ്റു വീതം വീഴ്ത്തി.












Click it and Unblock the Notifications