ഞാന്‍ ഗൂഢാലോചനയുടെ ഇര: കപില്‍
ദില്ലി: ആരുടെയോ വ്യക്തിപരമായ വിദ്വേഷത്തിന്റെയും ഗൂഢാലോചനയുടെ ഇരയാകുകയാണ് താനെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് കപില്‍ദേവ്.
പ്രഭാകറിന് 25 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കപില്‍. ബുധനാഴ്ച ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് കോഴ വാഗ്ദാനം ചെയ്തത് കപിലാണെന്ന് പ്രഭാകര്‍ വെളിപ്പെടുത്തിയത്.
ഇന്ന് എന്നെയും ഇന്ത്യന്‍ ക്രിക്കറ്റിനെയും സംബന്ധിച്ചിടത്തോളം ദുഃഖത്തിന്റെ ദിവസമാണ്. ഈ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അതര്‍ഹിക്കുന്ന രീതിയില്‍ തള്ളക്കളയാനായെങ്കിലെന്ന് ഞാനാഗ്രഹിക്കുന്നു. ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ഞാന്‍ എന്റെ രാജ്യത്തോട് ആണയിടുകയാണ്. വ്യക്തിപരമായ വിദ്വേഷത്തിന്റെയും ഗൂഢലോചനയുടെയും ഇരയാണ് താനെന്ന് മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയൂ, കപില്‍ പറഞ്ഞു.
എന്നാല്‍ വാര്‍ത്താലേഖകരുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് കപില്‍ ആദ്യം ശ്രമിച്ചത്. എനിക്ക് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ല. ബിന്ദ്ര മുമ്പേ തന്നെ എന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചു. പ്രഭാകര്‍ ഇത് എല്‍.കെ. അദ്വാനിയോട് നേരത്തെതന്നെ പറഞ്ഞിട്ടുണ്ടെന്ന് പറയന്നു. ഇനിയെന്താണ് ശേഷിക്കുന്നത്? കപിലിന്റെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു.
മെയ് 28-ന് ബംഗ്ലാദേശില്‍ ആരംഭിക്കുന്ന ഏഷ്യാക്കപ്പിനെക്കുറിച്ചാണ് താന്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് കൂടിയായ കപില്‍ വ്യക്തമാക്കി.












Click it and Unblock the Notifications