Get Updates
Get notified of breaking news, exclusive insights, and must-see stories!

കപില്‍ തനിക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു

ദില്ലി: കപില്‍ ദേവാണ് തനിക്ക് കോഴ വാഗ്ദാനം ചെയ്തതെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ മനോജ് പ്രഭാകര്‍ വ്യക്തമാക്കി. ഒരു വെബ്സൈറ്റിന് നല്കിയ അഭിമുഖത്തിലാണ് 1994-ല്‍ ശ്രീലങ്കയില്‍ നടന്ന സിംഗര്‍ കപ്പില്‍ പാക്കിസ്ഥാനെതിരെ ഒരു മത്സരം തോറ്റു കൊടുക്കാന്‍ 25 ലക്ഷവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ദേവ് തന്നെ സമീപിച്ച കാര്യം പ്രഭാകര്‍ വെളിപ്പെടുത്തിയത്.

അന്നത്തെ ക്യാപ്റ്റനായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീനോടും കോച്ച് അജിത് വഡേക്കറോടും കപില്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്ത കാര്യം അറിയിച്ചു. എന്നാല്‍ അവര്‍ക്ക് അക്കാര്യത്തില്‍ അത്ഭുതമില്ലാത്തത് എന്നെ അത്ഭുതപ്പെടുത്തി, പ്രഭാകര്‍ വിശദീകരിച്ചു.

ഞാന്‍ ബാത്ത്റൂമില്‍ ഷേവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സഹകളിക്കാരനായ നവജോത് സിംഗ് സിദ്ദു പാജി (കപില്‍) ഒരു വാഗ്ദാനവുമായി വന്നിട്ടുണ്ടെന്ന് പറഞ്ഞു. ഏതെങ്കിലും സ്പോണ്‍സര്‍ഷിപ്പിന്റെ കാര്യമായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. പാക്കിസ്ഥാനെതിരായ മത്സരം തോറ്റുകൊടുക്കണമെന്ന് കപില്‍ എന്നോട് പറഞ്ഞപ്പോള്‍ പാക്കിസ്ഥാന് രാജ്യത്തെ വില്‍ക്കാനാണോ താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ അതിന് തയ്യാറല്ലെന്ന് അപ്പോള്‍ തന്നെ വ്യക്തമാക്കി.

ഇങ്ങനെ ഉച്ചത്തില്‍ സംസാരിച്ചപ്പോള്‍ അടുത്ത മുറിയിലുണ്ടായിരുന്ന സഹകളിക്കാരായ പ്രശാന്ത് വൈദ്യയും നയന്‍ മോംഗിയയും ഓടി വന്നുവെന്ന് പ്രഭാകര്‍ പറഞ്ഞു. അടുത്ത ദിവസം തന്നെ കമന്റേറ്റര്‍മാരായ സുനില്‍ ഗവാസ്കറിനോടും രവി ശാസ്ത്രിയോടും ഇക്കാര്യം വെളിപ്പെടുത്തിയെങ്കിലും ഇതൊരു പ്രധാനപ്പെട്ട മത്സരമാണെന്നും കളിയില്‍ ശ്രദ്ധിക്കണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്, പ്രഭാകര്‍ വ്യക്തമാക്കി.

എന്താണ് സംഭവിച്ചതെന്ന് എനിക്കും കപിലിനും ദൈവത്തിനും അറിയാം. ദൈവത്തില്‍ വിശ്വസിക്കുന്നവരാണ് ഞാനും കപിലും. ഇക്കാര്യം കപില്‍ തുറന്നുപറയുമെന്ന് കരുതിയാണ് ഞാന്‍ ഇത്രയും കാലം ഇത് വെളിപ്പെടുത്താതിരുന്നത്.

അഭിമുഖത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിച്ച പ്രഭാകര്‍ അസ്ഹറുദ്ദീന്‍, വഡേക്കര്‍, സിദ്ദു, വൈദ്യ, മോംഗിയ, ഗവാസ്കര്‍, ശാസ്ത്രി എന്നിവരോട് സത്യം പരസ്യമാക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇവരെല്ലാം തന്നെ പിന്തുണച്ചവരായിരുന്നുവെന്നും എന്നാല്‍ എന്തോ കാരണം കൊണ്ട് അവര്‍ പിന്നോട്ടു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി മനോജ് പ്രഭാകര്‍ നയിച്ചിരുന്ന കോഴവിവാദത്തിന് ഇതോടെ വഴിത്തിരിവാകുകയാണ്. നിയമപരിരക്ഷ ലഭിച്ചാല്‍ മാത്രമേ തനിക്ക് കോഴ വാഗ്ദാനം ചെയ്തയാളുടെ പേര് വെളിപ്പെടുത്തുകയുള്ളൂവെന്ന് പ്രഭാകര്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു. പ്രഭാകറിന് കോഴ വാഗ്ദാനം ചെയ്തത് കപില്‍ ദേവാണെന്ന് മുന്‍ ബി.സി.സി.ഐ. പ്രസിഡണ്ട് ഐ.എസ്. ബിന്ദ്ര വെളിപ്പെടുത്തിയത് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

അടുത്ത ഞായറാഴ്ച ഏഷ്യാകപ്പ് തുടങ്ങാനിരിക്കെ കപില്‍ദേവിനെതിരെയുള്ള ആരോപണം ശക്തമായ ചലനങ്ങളുണ്ടാക്കും. ബംഗ്ലാദേശിലേക്ക് പോകാന്‍ തയ്യാറെടുത്തിരിക്കുന്ന ഇന്ത്യന്‍ ടീമിന്റെ കോച്ചാണ് കപില്‍ ദേവ് ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+