ഇന്ത്യയ്ക്ക് അനായാസ ജയം
ധാക്ക: ക്യാപ്റ്റന്റെ കളി പുറത്തെടുത്ത ഗാംഗൂലിയുടെ (135 നോട്ടൗട്ട്) മികവില്‍ ഇന്ത്യ ആതിഥേയരായ ബംഗ്ലാദേശിനെതിരെ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഏട്ട് വിക്കറ്റ് വിജയം നേടി. ബംഗ്ലാദേശിന്റെ 50 ഔവറില്‍ ആറ് വിക്കറ്റിന് 249 റണ്‍സെന്ന സ്കോറിന് മറുപടിയായി രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 40.1 ഔവറില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. റഹിമാന്റെ പന്ത് ബൗണ്ടറിക്ക് പായിച്ചു കൊണ്ടാണ് ക്യാപ്റ്റന്‍ ഗാംഗൂലി ഇന്ത്യന്‍ വിജയമുറപ്പിച്ചത്.
നല്ല തുടക്കമാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കാഴ്ച വെച്ചത്. തുടക്കം മുതല്‍ക്കേ ആക്രമിച്ച് കളിച്ച ഗാംഗൂലി അനായാസമായി റണ്‍ വാരിക്കൂട്ടിയപ്പോള്‍ മറുഭാഗത്ത് ടെന്‍ഡുല്‍ക്കര്‍ നല്ല പിന്തുണ നല്‍കി. ഇരുവരും മത്സരിച്ച് റണ്‍ നേടാന്‍ തുടങ്ങിയപ്പോള്‍ റണ്‍ റേറ്റ് കുത്തനെയുയര്‍ന്നു. പത്താം ഓവര്‍ അവസാനിച്ചപ്പോള്‍ സ്കോര്‍ 79 ല്‍ എത്തിയിരുന്നു.
ഊണിന് പിരിയുമ്പോള്‍ 19 ഔവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് ഇന്ത്യ നേടി. ഗാംഗൂലിയും പുതുമുഖമായ ബദാനിയുമായിരുന്നു ക്രീസില്‍.
ഇരുപത്തിയഞ്ച് ബോളില്‍ നാല് ബൗണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പടെ 35 റണ്‍സെടുത്ത ടെന്‍ഡുല്‍ക്കര്‍ മുഷ്ഫിക്കറിന്റെ പന്തില്‍ ഹബീബുള്‍ ക്യാച്ചെടുത്താണ് പുറത്തായത്. 35 റണ്ണെടുത്ത പുതുമുഖം ബദാനിയെ ഇനാമുലിന്റെ പന്തില്‍ അമിനുള്‍ ക്യാച്ചെടുത്ത് പുറത്താക്കി. മുന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍ പുറത്താകാതെ 35 റണ്‍ നേടി.
നേരത്തേ ഹബീബുള്‍ ബാഷര്‍ (57), അമിനുള്‍ ഇസ്ലാം (47), അക്രം ഖാന്‍ (64) എന്നിവരുടെ ബാറ്റിങിന്റെ മികവില്‍ ബംഗ്ലാദേശ് 249 എന്ന സ്കോറിലെത്തി. ബുധനാഴ്ച സചിന്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുമരനും അഗര്‍ക്കറും ഓരോ വിക്കറ്റ് പങ്കിട്ടു.
ചൊവാഴ്ചത്തെ ഇന്ത്യാ - ബംഗ്ലാദേശ് മത്സരം കനത്ത മഴയെ തുടര്‍ന്ന് ബുധനാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ചെവാഴ്ച ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റ് ചെയ്യാന്‍ തിരഞ്ഞെടുക്കുകയും 25.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്ണെടുക്കുകയും ചെയ്തു. രണ്ടു വിക്കറ്റും കിട്ടിയത് തിരുവനാവക്കരശ് കുമരനാണ്.












Click it and Unblock the Notifications