പാക്കിസ്ഥാന് തകര്‍പ്പന്‍ ജയം
ധാക്ക: ഏഷ്യാക്കപ്പിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ 233 റണ്ണിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ പടുത്തുയര്‍ത്തിയ റിക്കാര്‍ഡ് സ്കോറായ മൂന്നു വിക്കറ്റിന് 320-നെതിരെ ബംഗ്ലാദേശിന് 34.2 ഓവറില്‍ 87 റണ്ണെടുക്കാനേ സാധിച്ചുള്ളൂ.
ഇതോടെ കളിച്ച മൂന്നുകളികളും തോറ്റ ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ശനിയാഴ്ച പാക്കിസ്ഥാന്‍ പാരമ്പര്യ വൈരികളായ ഇന്ത്യയെ നേരിടും.
ഏഷ്യാക്കപ്പിലെ റിക്കാര്‍ഡ് സ്കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശിനുവേണ്ടി ഓപ്പണര്‍ ഹബീബുള്‍ ബസാഹര്‍ മാത്രമേ അല്പമെങ്കിലും ചെറുത്തുനിന്നുള്ളൂ. എന്നാല്‍ 14-ാം ഓവറെറിഞ്ഞ അബ്ദുള്‍ റസാഖ് 23 റണ്ണെടുത്ത ബസാഹറിനെ ഇന്‍സമാം ഉള്‍ ഹഖിന്റെ കൈകളിലെത്തിച്ചതോടെ ബംഗ്ലാദേശിന്റെ തകര്‍ച്ച ആരംഭിച്ചു.
12 റണ്ണെടുത്ത മുഷ്ഫിക്കര്‍ റഹ്മാന്‍ പിന്നീട് രണ്ടക്കം കണ്ട ഏക ബംഗ്ലാദേശ് ബാറ്റ്സ്മാന്‍. മറ്റൊരു ഓപ്പണറായ ഷാര്‍ ഷഹ്രിയാര്‍ ഹുസ്സൈന്‍ പരിക്കേറ്റ് ബാറ്റ് ചെയ്യാനാവാതെ പിന്മാറി.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനുവേണ്ടി മുന്‍നിര ബാറ്റ്സ്മാന്മാരെല്ലാം തന്നെ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വെച്ചത്. പരിചയസമ്പന്നനായ ഓപ്പണര്‍ സയീദ് അന്‍വര്‍ 32 പന്തില്‍ നിന്ന് 31 റണ്‍ നേടി രംഗം വിട്ടപ്പോള്‍ യുവതാരങ്ങളായ ഇമ്രാന്‍ നസീറിന്റെയും യൂസഫ് യൂഹാനയുടെ ചുമലില്‍ പാക് ഇന്നിംഗ്സിന്റെ ഭാരം വന്നു ചേര്‍ന്നു. വെല്ലുവിളി സധൈര്യം സ്വീകരിച്ച ഇരുവരും 80 റണ്‍ വീതം നേടി.
സ്കോര്‍ 158 ആയപ്പോള്‍ ഇമ്രാന്‍ നസീര്‍ റണ്ണൗട്ടായി. 75 പന്തില്‍ നിന്നാണ് നസീര്‍ 80 റണ്‍ നേടിയത്. പിന്നീടെത്തിയ ഇന്‍സമാം ഉള്‍ ഹഖും യൂഹാനയും ബംഗ്ലാദേശ് ബൗളര്‍മാരെ ഗ്രൗണ്ടിന്റെ നാനാഭാഗങ്ങളിലേക്ക് പായിച്ചു. മൂന്നാം വിക്കറ്റിന് ക്ഷണനേരത്തില്‍ 68 റണ്‍ നേടിയ കൂട്ടുകെട്ട് 236-ല്‍ വെച്ച് പിരിഞ്ഞു. 104 പന്തില്‍ നിന്ന് 80 റണ്‍ നേടിയ യൂഹാന ഹഖിന്റെ പന്തില്‍ മസൂദ് പിടിച്ച് പുറത്തായി.
പിന്നീടെത്തിയ സയീദ് അഫ്രീദിയും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. അവസാന വിക്കറ്റിന് നേടിയ 84 റണ്ണില്‍ 45-ഉം അഫ്രീദിയുടെ ബാറ്റില്‍ നിന്നായിരുന്നു പിറന്നത്. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 29 പന്തില്‍ നിന്ന് 45 റണ്ണെടുത്ത് അഫ്രീദിയും 61 പന്തില്‍ നിന്ന് 75 റണ്ണെടുത്ത് ഇന്‍സമാമും പുറത്താകാതെ നിന്നു.












Click it and Unblock the Notifications