പാക്കിസ്ഥാന് 7 വിക്കറ്റ് ജയം
ധാക്ക: ഏഷ്യാക്കപ്പില്‍ ശ്രീലങ്കക്കെതിരായ അവസാനലീഗ് മത്സരത്തില്‍ പാക്കിസ്ഥാന്‍ ഏഴു വിക്കറ്റിന് വിജയിച്ചു. 193 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന്‍ ഓപ്പണര്‍മാരായ ഇമ്രാന്‍ നസീര്‍, മുഹമ്മദ് വസീം, ഇന്‍സമാം ഉള്‍ ഹഖ് എന്നിവരുടെ നഷ്ടത്തില്‍ ലക്ഷ്യം നേടി. ബുധനാഴ്ച ഇരുടീമുകളും ഫൈനലില്‍ ഏറ്റുമുട്ടും.
വസീം അക്രം, സയീദ് അന്‍വര്‍, അബ്ദുള്‍ റസാഖ് എന്നിവരെക്കൂടാതെ കളിക്കളത്തിലിറങ്ങിയിട്ടും പാക്കിസ്ഥാന്‍ ശ്രീലങ്കയ്ക്കു മേല്‍ ആധിപത്യം നേടുകയായിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും നല്ല പ്രകടനം കാഴ്ചവെച്ച യൂസഫ് യൂഹാന തന്നെയായിരുന്നു ഇപ്രാവശ്യവും പാക്കിസ്ഥാന്റെ രക്ഷകന്‍. ആദ്യ മത്സരത്തില്‍ 80-ഉം രണ്ടാം മത്സരത്തില്‍ 100-ഉം റണ്ണെടുത്ത യൂഹാന ശ്രീലങ്കക്കെതിരെ പുറത്താകാതെ 90 റണ്‍ നേടി.
ഓപ്പണര്‍ ഇമ്രാന്‍ നസീര്‍ (15) പെട്ടെന്നുതന്നെ പുറത്തായെങ്കിലും യൂഹാനയും മുഹമ്മദ് വസീമും ചേര്‍ന്ന് പതുക്കെ പാക്കിസ്ഥാനെ ലക്ഷ്യത്തിലേക്കെത്തിച്ചു. 44 റണ്ണെടുത്ത വസീം പുറത്താകുമ്പോള്‍ പാക്കിസ്ഥാന് വിജയം 67 റണ്‍ അകലെ മാത്രമായിരുന്നു. പിന്നീടെത്തിയ ഇന്‍സമാം (27) ലക്ഷ്യത്തോടടുത്തെത്തിച്ചാണ് മടങ്ങിയത്. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ രണ്ട് റണ്ണെടുത്ത ഷാഹിദ് അഫ്രീദിയായിരുന്നു യൂഹാനക്ക് കൂട്ട്.
നേരത്തെ ടോസ് നാടി ബാറ്റിംഗാരംഭിച്ച ശ്രീലങ്ക 49 ഓവറില്‍ 192 റണ്ണിന് എല്ലാവരും പുറത്തായി. വസീം അക്രത്തിന്റെ അഭാവത്തില്‍ ബൗളിംഗിന് മൂര്‍ച്ച കുറവായിരുന്നെങ്കിലും ഫീല്‍ഡില്‍ ഓരോ പാക്കിസ്ഥാന്‍ കളിക്കാരനും മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. ശ്രീലങ്കന്‍ നിരയില്‍ അഞ്ചു പേര്‍ പുറത്തായത് റണ്‍ ഔട്ടിലൂടെയാണെന്നതു തന്നെ ഇതിന് സാക്ഷ്യം.
ബാറ്റിംഗാരംഭിച്ച ശ്രീലങ്കക്ക് തുടക്കത്തില്‍തന്നെ തിരിച്ചടിയേറ്റു. വരാനിരിക്കുന്ന ഫീല്‍ഡിംഗ് മികവിന്റെ സൂചന നല്‍കിക്കൊണ്ട് ഓപ്പണര്‍ അരവിന്ദ ഡിസില്‍വയെ റണ്‍ സലിം മാലിക്ക് ഔട്ടാക്കുകയായിരുന്നു. പിന്നീട് മാര്‍വന്‍ അട്ടപ്പട്ടുവും (68) ക്യാപ്റ്റന്‍ സനത് ജയസൂര്യയും (28) ചേര്‍ന്ന് ഇന്നിംഗ്സ് നേരെയാക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണവിജയമായില്ല.
ജയസൂര്യ വീണതോടെ ജയവര്‍ധനെ (2), ആര്‍നോള്‍ഡ് (17), കലുവിതരണ (4) എന്നിവരും പെട്ടെന്നുതന്നെ കൂടാരം പൂകി. ആര്‍നോള്‍ഡും കലുവിതരണയും റണ്‍ ഔട്ടായപ്പോള്‍ ജയവര്‍ധനെ അസ്ഹര്‍ മഹ്മൂദിന്റെ പന്തില്‍ മോയിന്‍ ഖാന് പിടികൊടുക്കുകയായിരുന്നു.
പിന്നീട് ഒത്തു ചേര്‍ന്ന അട്ടപ്പട്ടുവും ഉപുല്‍ ചന്ദനയും (46) ചേര്‍ന്നാണ് ശ്രീലങ്കന്‍ ഇന്നിംഗ്സിന് അല്പമെങ്കിലും മാന്യത നല്‍കിയത്. പാക്കിസ്ഥാനുവേണ്ടി അസ്ഹര്‍ മെഹ്മൂദ് 24 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്തു.












Click it and Unblock the Notifications