ശ്രീലങ്കക്ക് ഏഷ്യാക്കപ്പ് 278 റണ്‍ അകലെ
ധാക്ക: ഏഷ്യാക്കപ്പില്‍ ആദ്യമായി മുത്തമിടാന്‍ കൊതിക്കുന്ന പാക്കിസ്ഥാന്‍, ഫൈനലില്‍ ശ്രീലങ്കക്കെതിരെ 278 റണ്ണിന്റെ വിജയലക്ഷ്യമുയര്‍ത്തി. അവസരത്തിനൊത്തുയര്‍ന്ന മധ്യനിരയുടെ സഹായത്തില്‍ അവര്‍ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റിന് 277 റണ്ണെടുത്തു.
ശകുനപ്പിഴയുമായാണ് പാക്കിസ്ഥാന്‍-ശ്രീലങ്ക ഫൈനല്‍ ആരംഭിച്ചത്. മഴ കാരണം ഒരു മണിക്കൂര്‍ വൈകിയാരംഭിച്ച മത്സരത്തില്‍ സ്കോര്‍ 17-ലെത്തിയപ്പോഴേക്കും പാക്കിസ്ഥാന് ഓപ്പണര്‍ ഇമ്രാന്‍ നസീറിനെ (3) നഷ്ടപ്പെട്ടു. പാക്കിസ്ഥാനു വേണ്ടി പിഞ്ച് ഹിറ്ററായ സയീദ് അഫ്രീദി സ്ഥാനക്കയറ്റം കിട്ടി വന്നു. എന്നാല്‍ 22 റണ്ണെടുക്കുമ്പോഴേക്കും സോയ്സ് അഫ്രീദിയെ ആര്‍നോള്‍ഡിന്റെ കൈകളിലെത്തിച്ചു.
പിന്നീടെത്തിയ യൂസഫ് യൂഹാന സയീദ് അന്‍വറുമായി ചേര്‍ന്ന് ഇന്നിംഗ്സ് നേരെയാക്കാനുള്ള ശ്രമമാരംഭിച്ചു. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും മിന്നുന്ന ഫോമിലായിരുന്ന യൂഹാനക്ക് പക്ഷേ ഫൈനലില്‍ മികച്ച കളി പുറത്തെടുക്കാനായില്ല. സ്കോര്‍ 124-ലെത്തിയപ്പോള്‍ 25 റണ്ണെടുത്ത യൂഹാനയെ ഉപുല്‍ ചന്ദന സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി.
തകര്‍ച്ചയിലേക്ക് മുങ്ങിത്താണുകൊണ്ടിരിക്കുന്ന പാക്കിസ്ഥാന് പിന്നീട് രക്ഷയായത് മധ്യനിരയായിരുന്നു. ഒരറ്റത്തു വിക്കറ്റു വീണുകൊണ്ടിരിക്കുമ്പോഴും പിടിച്ചു നിന്ന അന്‍വറിന് കൂട്ടായി ഇന്‍സമാമെത്തി. ക്രമേണ ശ്രീലങ്കന്‍ ബൗളിംഗിനെ മെരുക്കാനാരംഭിച്ച പാക്കിസ്ഥാന് തിരിച്ചടിയായി സയീദ് അന്‍വര്‍ പുറത്തായി. 115 പന്തില്‍ 82 റണ്ണെടുത്ത അന്‍വറിനെ സനത് ജയസൂര്യ മുരളീധരന്റെ കൈകളിലെത്തിച്ചു.
അപ്പോഴേക്കും 40 ഓവര്‍ പിന്നിട്ട പാക്കിസ്ഥാന്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 173 റണ്ണേ ഉണ്ടായിരുന്നുള്ളൂ. അവസാനത്തെ 10 ഓവറില്‍ ക്യാപ്റ്റന്‍ മോയിന്‍ഖാനും ഇന്‍സമാമും കൂടി 104 റണ്‍ വാരിക്കൂട്ടി. ആകെ പരിഭ്രമത്തിലായ ശ്രീലങ്കന്‍ കളിക്കാര്‍ ഫീല്‍ഡിംഗില്‍ സ്കൂള്‍ കുട്ടികളെ നാണിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ആറ് ക്യാച്ചുകള്‍ തുലച്ചു കളഞ്ഞ ശ്രീലങ്കയുടെ അവസാന ഓവറുകള്‍ റണ്ണുകള്‍ അക്ഷയഖനിയായി മാറുകയായിരുന്നു.
31 പന്തില്‍ നിന്ന് 56 റണ്ണെടുത്ത മോയിന്‍ ഖാനായിരുന്നു കൂടുതല്‍ അപകടകാരി. ഇന്‍സമാം 66 പന്തില്‍ നിന്ന് 72 റണ്ണെടുത്തു. ശ്രീലങ്ക ക്യാപ്റ്റന്‍ സനത് ജയസൂര്യ എറിഞ്ഞ അവസാന ഓവറില്‍ രണ്ടു പേരും കൂടി 21 റണ്‍ അടിച്ചെടുത്തു.












Click it and Unblock the Notifications