വാതുവെപ്പ്: സിദ്ദുവിനെ വീണ്ടും ചോദ്യം ചെയ്തു
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ വാതുവെപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവ്ജോത് സിംഗ് സിദ്ദുവിനെ വീണ്ടും ചോദ്യം ചെയ്തു. മുക്കാല്‍ മണിക്കൂറോളം സ്പെഷ്യല്‍ ക്രൈബ്രാഞ്ച് ടീമംഗങ്ങള്‍ സിദ്ദുവിനെ ചോദ്യം ചെയ്തുവെന്നാണ് കരുതുന്നത്. സി.ബി.ഐ ആസ്ഥാനത്തെത്തിയ സിദ്ദു മാധ്യമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പിന്‍വാതില്‍ വഴിയാണ് അകത്തു കടന്നത്.
കപില്‍ദേവ് തനിക്ക് കോഴ വാഗ്ദാനം നല്‍കിയെന്ന് അവകാശപ്പെടുന്ന മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ മനോജ് പ്രഭാകര്‍ തെളിവിനായി വീഡിയോ ടേപ്പുകള്‍ സി.ബി.ഐക്ക് കൈമാറിയതോടെയാണ് സിദ്ദുവിനെ വീണ്ടും ചോദ്യം ചെയ്തത്.
കഴിഞ്ഞ മാസം നടന്ന ആദ്യത്തെ മൊഴിയെടുപ്പില്‍ കപില്‍ദേവിന് കോഴവിവാദത്തില്‍ പങ്കുണ്ടെന്ന ആരോപണം സിദ്ദു നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സിദ്ദു സി.ബി.ഐക്ക് കൊടുത്ത മൊഴിയെന്താണെന്നതിനെക്കുറിച്ച് വ്യക്തമല്ല.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍ അജിത് വഡേക്കറിനെയും സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ മാസം തന്നെയാണ് വഡേക്കറിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നത്. ഇരുവരുടെയും മൊഴിയെടുപ്പ് കഴിഞ്ഞതിനു ശേഷം മാത്രമേ കപില്‍ദേവിനെ വിളിക്കാന്‍ സാധ്യതയുള്ളൂ.












Click it and Unblock the Notifications