മതന്യൂനപക്ഷമായതുകൊണ്ട് ക്രൂശിക്കുന്നുവെന്ന് അസ്ഹര്‍
ഹൈദരാബാദ്: മതന്യൂനപക്ഷത്തില്‍പെട്ട ആളായതുകൊണ്ടാണ് തനിക്കെതിരെ ആരോപണങ്ങളുയരുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍.
മതന്യൂനപക്ഷത്തില്‍പെട്ട ആളായതുകൊണ്ടാണ് എന്നെ ഒറ്റപ്പെടുത്തുന്നകയും വേര്‍തിരിക്കുകയും ചെയ്യുന്നത്. എന്റെ ജീവിതവും അഭിനിവേശവുമായ ക്രിക്കറ്റിനോട് ഞാനെന്തിന് വിട പറയണം, കേന്ദ്രമന്ത്രി സുഖ്ദേവ് സിംഗ് ധിന്‍സയുടെ പരാമര്‍ശത്തെക്കുറിച്ച് അസ്ഹര്‍ പറഞ്ഞു.
നിരപരാധിയാണെന്ന് തെളിയുന്നതുവരെ അസ്ഹര്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കേന്ദ്രമന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യെ തന്നെ ഒരു വാതുവെപ്പുകാരനുമായി പരിചയപ്പെടുത്തിയത് അസ്ഹറാണ് എന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ധിന്‍സയുടെ അഭിപ്രായപ്രകടനം.
കുറ്റാരോപണവിധേയനായ ഏതൊരാള്‍ക്കും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരമുണ്ട്. ഒരാള്‍ കുറ്റം ചെയ്തുവെന്ന് തെളിയിക്കപ്പെടുന്നതുവരെ അയാള്‍ നിയമപ്രകാരം പ്രതിയാകുന്നില്ല. കുറ്റാരോപണവിധേയന്‍ മാത്രമാണ്. എഡിറ്റര്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നുതോന്നുന്നു. ഒരു ഇംഗ്ലീഷ് വാരികയുടെ എഡിറ്റര്‍ അസ്ഹറും കപിലും രാജിവെക്കണമെന്ന ആവശ്യപ്പെട്ടത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അസ്ഹര്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കാരുടെ കള്ളത്തരം നമ്മുടെ പോലീസ് കണ്ടുപിടിച്ചതിനാല്‍ അവര്‍ പകപോക്കുകയാണെന്ന് അസ്ഹര്‍ ആരോപിച്ചു. ക്രോണ്യെക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്ന കാര്യവും അസ്ഹര്‍ സൂചിപ്പിച്ചു.












Click it and Unblock the Notifications