കൊറേട്ജയും കോസ്റയും വിംബിള്‍ഡണില്‍ നിന്ന് പിന്മാറി
ലണ്ടന്‍: സ്പാനിഷ് കളിക്കാരായ അലക്സ് കൊറേട്ജയും ആല്‍ബര്‍ട്ട് കോസ്റയും ഈ വര്‍ഷത്തെ വിംബിള്‍ഡണില്‍ നിന്ന് പിന്മാറി. സീഡിംഗിനെ സംബന്ധിച്ച അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് ഇവര്‍ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.
ലോക 11-ാം നമ്പറുകാരനായ കൊറേട്ജയെയും 15-ാം നമ്പറുകാരനായ കോസ്റയെയും വിംബിള്‍ഡണില്‍ സീഡ് ചെയ്തിരുന്നില്ല. ഓരോ കളിക്കാരുടെയും പുല്‍ക്കോര്‍ട്ടിലുള്ള വൈദഗ്ധ്യം കണക്കിലെടുത്താണ് വിംബിള്‍ഡണില്‍ സീഡിംഗ് നടത്തുന്നത്. കളിമണ്‍ കോര്‍ട്ടില്‍ വിദഗ്ധരായ ഇവര്‍ നേരത്തെത്തന്നെ സീഡിംഗുമായി ബന്ധപ്പെട്ട് ടൂര്‍ണമെന്റ് കമ്മിറ്റിയുമായി ഉടക്കിയിരുന്നു.
11-ാം സീഡും ലോക 25-ാം നമ്പറുകാരനുമായ റിച്ചാര്‍ഡ് ക്രായിചെക്കുമായിട്ടായിരുന്നു കോസ്റയുടെ പ്രാഥമികറൗണ്ട് മത്സരം. കൊറേട്ജയുടെ ആദ്യമത്സരം നാട്ടുകാരനായ ആല്‍ബര്‍ട്ടോ മാര്‍ട്ടിനെതിരെയായിരുന്നു.
ആദ്യ 16 സീഡുകള്‍ നാലാം റൗണ്ട് വരെ തമ്മില്‍ തമ്മില്‍ ഏറ്റുമുട്ടാത്ത രീതിയിലാണ് വിംബിള്‍ഡണില്‍ ഫിക്സ്ചര്‍ തയ്യാറാക്കിയിരിക്കുന്നത്.
സംഭവത്തിന്റെ പേരില്‍ കൊറേട്ജക്കും കോസ്റക്കും പിഴയിടില്ലെന്ന് ഓള്‍ ഇംഗ്ലണ്ട് ക്ലബ് ചെയര്‍മാന്‍ ടിം ഫിലിപ്പ്സ് പറഞ്ഞു.












Click it and Unblock the Notifications