പിയേഴ്സ്, കാഫെല്‍നിക്കഫ് പുറത്ത്
ലണ്ടന്‍: ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനും മൂന്നാം സീഡുമായ മേരിപിയേഴ്സ് വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. സീഡ് ചെയ്യപ്പെടാത്ത സ്പെയിന്‍ താരം മാഗി സെര്‍നയാണ് പിയേഴ്സിനെ തോല്പിച്ച് മൂന്നാം റൗണ്ടില്‍ കടന്നത്. സ്കോര്‍: 7-6, 7-6.
വനിതാവിഭാഗത്തില്‍ രണ്ടാം സീഡും നിലവിലെ ചാമ്പ്യനുമായ ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ട്, ആറാം സീഡ് മോണിക്കാ സെലസ്, ഒമ്പതാം സീഡ് അരാന്താ സാഞ്ചസ് വികാരിയോ എന്നിവര്‍ മൂന്നാം റൗണ്ടില്‍ കടന്നു. എന്നാല്‍ 12-ാം സീഡ് അമാന്‍ഡ കോസ്റര്‍ അമേരിക്കയുടെ ലിലിയ ഓസ്റര്‍ലോയോട് തോറ്റ് പുറത്തായി.
ഡാവന്‍പോര്‍ട്ട് റഷ്യയുടെ എലീന ലിക്കോസേവയെ 3-6, 6-3, 6-3 എന്ന സ്കോറിനും സെലസ് ബെല്‍ജിയത്തിന്റെ എല്‍സ് കാലസിനെ 6-4, 6-4 എന്ന സ്കോറിനും പരാജയപ്പെടുത്തി. ഇറ്റലിയുടെ റിത ഗ്രാന്റിനെ 6-3, 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് അരാന്ത മൂന്നാം റൗണ്ടില്‍ കടന്നത്. ആസ്ത്രേലിയയുടെ ജെലേന ഡോക്കിക്കും മൂന്നാം റൗണ്ടില്‍ കടന്നിട്ടുണ്ട്.
പുരുഷവിഭാഗത്തില്‍ നാലാം സീഡ് ഗസ്റാവോ കേര്‍ട്ടണ്‍, എട്ടാം സീഡ് ടിം ഹെന്‍മന്‍, 10-ാം സീഡ് മാര്‍ക്ക് ഫിലിപ്പോസിസ്, 12-ാം സീഡ് പാട്രിക്ക് റാഫ്റ്റര്‍ എന്നിവര്‍ മൂന്നാം റൗണ്ടില്‍ കടന്നു. എന്നാല്‍ അഞ്ചാം സീഡ് യെവ്ജെനി കാഫല്‍ നിക്കഫ് സ്വീഡന്റെ തോമസ് ജൊഹാന്‍സനോട് പരാജയപ്പെട്ടു. സ്കോര്‍: 6-1, 7-6, 6-4.
കേര്‍ട്ടണ്‍ ദക്ഷിണാഫ്രിക്കയുടെ ജസ്റിന്‍ ബോവറെ 6-4, 6-4, 7-5 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. ഹെന്‍മന്‍ ഫ്രാന്‍സിന്റെ ആര്‍നോഡ് ക്ലമന്റിനെ 6-4, 6-4, 6-4 എന്ന സ്കോറിനും ഫിലിപ്പോസിസ് ഫ്രാന്‍സിന്റെ തന്നെ ആര്‍നോഡ് ഡിപാസ്ക്കലിനെ 4-6, 7-6, 6-3, 6-0 എന്ന സ്കോറിനും പരാജയപ്പെടുത്തി. ആസ്ത്രേലിയയുടെ ടോഡ് വുഡ്ബ്രിഡ്ജിനെയാണ് റാഫ്റ്റര്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-3, 6-3, 6-4.
അതേസമയം 15-ാം സീഡ് മാരത് സഫിന്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ട്ടിന്‍ ഡാമിനോട് 7-5, 7-6, 6-3 എന്ന സ്കോറിന് പരാജയപ്പെട്ട് പുറത്തായി.












Click it and Unblock the Notifications