ഹിംഗിസ് പുറത്ത്: വില്യംസ്-വില്യംസ്, ഡാവന്‍പോര്‍ട്ട്-ഡോക്കിക്ക് സെമിഫൈനല്‍
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ആദ്യസെമിഫൈനലില്‍ വില്യംസ് സഹോദരിമാരായ വീനസ് വില്യംസും സെറീന വില്യംസും ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ടും ആസ്ത്രേലിയയുടെ ജെലേന ഡോക്കിക്കും തമ്മിലാണ് രണ്ടാം സെമിഫൈനല്‍.
ഏറെ ശ്രദ്ധയാകര്‍ഷിച്ച മത്സരത്തില്‍ അഞ്ചാം സീഡായ വീനസ് വില്യംസ് ഒന്നാം സീഡ് സ്വിറ്റ്സര്‍ലണ്ടിന്റെ മാര്‍ട്ടിന ഹിംഗിസിനെ പരാജയപ്പെടുത്തിയാണ് സെമി ഫൈനലില്‍ കടന്നത്. സ്കോര്‍: 6-3, 4-6, 6-4. രണ്ടു മണിക്കൂര്‍ പോരാട്ടത്തിനൊടുവിലാണം ലോക ഒന്നാം നമ്പര്‍ താരമായ ഹിംഗിസ് തോല്‍വി സമ്മതിച്ചത്. മത്സരത്തില്‍ വീനസ് ഏഴുതവണയും ഹിംഗിസ് ആറു തവണയും എതിരാളിയുടെ സെര്‍വ് ഭേദിച്ചു.
മറ്റൊരു സെമിഫൈനലില്‍ അമേരിക്കയുടെ ലിസാ റെയ്മണ്ടിന്റെ വെല്ലുവിളി നിഷ്പ്രയാസം അതിജീവിച്ചാണ് സഹോദരി സെറീന വില്യംസ് സെമിഫൈനലില്‍ കടന്നത്. സ്കോര്‍: 6-2, 6-0. എട്ടാം സീഡായ സെറീനക്ക് റെയ്മണ്ടിനെ തോല്പിക്കാന്‍ വെറും 40 മിനിറ്റേ വേണ്ടിവന്നുള്ളൂ. ഇതുവരെ ഒരു സെറ്റു പോലും വഴങ്ങാതെ സെമിയിലെത്തിയ സെറീന സഹോദരി വീനസ് വില്യംസിനെ എതിരിടുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ടെന്നീസ് ലോകം.
ഡാവന്‍പോര്‍ട്ട്-ഡോക്കിക്ക് സെമിഫൈനല്‍
ആദ്യരണ്ടു സെറ്റുകളില്‍ ശക്തമായ പോരാട്ടം കാഴ്ചവെച്ച ആറാം സീഡ് മോണിക്കാ സെലസിനെ തകര്‍ത്താണ് ഇപ്പോഴത്തെ ചാമ്പ്യനായ ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ട് സെമിയിലെത്തിയത്. സ്കോര്‍: 6-7, 6-4, 6-0. ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യസെറ്റ് സെലസ് നേടി. രണ്ടാം സെറ്റില്‍ ആദ്യ ആറുഗെയിമുകള്‍ ഇരുവരും പങ്കുവെച്ചെങ്കിലും പിന്നീട് സെലസിന്റെ രണ്ട് സെര്‍വുകള്‍ ഭേദിച്ചുകൊണ്ട് ഡാവന്‍പോര്‍ട്ട് തുല്യത കൈവരിച്ചു. ആകെ ക്ഷീണിതയായ സെലസ് മൂന്നാം സെറ്റില്‍ തീര്‍ത്തും നിഷ്പ്രഭയായി. മൂന്നു സര്‍വീസ് ബ്രേക്കുകളിലൂടെ ഡാവന്‍പോര്‍ട്ട് സെറ്റും മാച്ചും സ്വന്തമാക്കി.
മറ്റൊരു ക്വാര്‍ട്ടറില്‍ സ്പെയിനിന്റെ മാഗി സെര്‍നയെ തകര്‍ത്ത് ആസ്ത്രേലിയയുടെ ജെലേന ഡോക്കിക്ക് സെമി ഫൈനലില്‍ കടന്നു. സ്കോര്‍: 6-3, 6-2. ഇരു സെറ്റുകളില്‍ മൂന്നു തവണ എതിരാളിയുടെ സര്‍വീസ് ഭേദിച്ച ജെലേന ഒരു മണിക്കൂറിനുള്ളില്‍ ഇരുസെറ്റുകളും കൈകക്കലാക്കി.
ഭൂപതി സഖ്യം പുറത്ത്
അതേസമയം ഇന്ത്യയുടെ മഹേഷ് ഭൂപതിയും ജര്‍മ്മനിയുടെ ഡേവിഡ് പ്രിനോസിലും തമ്മിലുള്ള ഡബിള്‍സ് ജോഡി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. 10-ാം സീഡായ ഇവരെ മൂന്നാം റൗണ്ടില്‍ സീഡ് ചെയ്യപ്പെടാത്ത റോജര്‍ ഫെഡറെറര്‍-ആന്‍ഡ്രൂ ക്രാറ്റ്സ്മാന്‍ സഖ്യമാണ് തകര്‍ത്തത്. സ്കോര്‍: 6-7, 4-6, 4-6.












Click it and Unblock the Notifications