കപിലിന്റെ വീട്ടില്‍ നിന്നും രേഖകള്‍ പിടിച്ചെടുത്തു
ദില്ലി: കപില്‍ ദേവിന്റെ ദില്ലിയിലെ വീട്ടില്‍ നിന്നും വിലപ്പെട്ട രേഖകള്‍ പിടിച്ചെടുത്തതായി ആദായനികുതി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ആദായം സ്വമേധയാ വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരമുള്ള രേഖകളും ഇതില്‍ പെടും. കൂടാതെ ആഭരണങ്ങളുടെ വലിയൊരു ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.
സ്വമേധയാ വെളിപ്പെടുത്തിയതു കൂടാതെയുള്ള വരുമാനത്തിന്റെ ഉറവിടം കപിലിനോടന്വേഷിക്കുമെന്ന് ആദായ നികുതി വൃത്തങ്ങള്‍ പറഞ്ഞു.ആഭരണങ്ങളുടെ മൂല്യം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കും.
എന്നാല്‍ ഇതേക്കുറിച്ച് കപിലിന്റെ പ്രതികരണം ലഭിച്ചിട്ടില്ല. അദ്ദേഹം ഇപ്പോള്‍ ലണ്ടനിലാണ്. ഇതേപ്പറ്റി തനിക്കൊന്നുമറിയില്ലെന്ന് കപിലിന്റെ ഭാര്യ റോമി വാര്‍ത്താലേഖകരോടു പറഞ്ഞു. കണക്കുകള്‍ തങ്ങളുടെ അക്കൗണ്ടന്റാണ് സൂക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ദക്ഷിണ ദില്ലിയിലെ മഹാറാണി ബാഗില്‍ ഒരു വീടു വാങ്ങുന്നതിന് കപില്‍ പണം നല്‍കിയതായുള്ള ആരോപണവും ആദായനികുതി ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്.
അതേ സമയം കളിക്കാരുടെപിടിച്ചെടുത്ത ലോക്കറുകള്‍ പരിശോധിക്കുന്ന നടപടി ഇപ്പോഴും തുടരുകയാണ്. അജയ് ശര്‍മ്മയുടെ ലോക്കറില്‍ നിന്ന് വിലപ്പെട്ട രേഖകളോന്നും കിട്ടിയില്ല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മനോജ് പ്രഭാകറില്‍ നിന്നും ചില നിക്ഷേപരേഖകള്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസം അസറുദ്ദീന്റെയും ഭാര്യ സംഗീതയുടെയും ബാംഗ്ളൂരിലെ വീടുകളില്‍നിന്നു പിടിച്ചെടുത്ത രേഖകള്‍ ദില്ലിയിലെത്താന്‍ കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.
ഇപ്പോള്‍ ലണ്ടനിലുള്ള അസറുദ്ദീന്‍, ജഡേജ, നിഖില്‍ ചോപ്ര,അജയ് ശര്‍മ്മ തുടങ്ങിയവര്‍ നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ തെരച്ചില്‍ നടപടികള്‍ തുടരുമെന്ന് ആദായനികുതി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications