വിജയനും സംഘവും സൗദിയില്‍ കളിക്കും
തൃശ്ശൂര്‍: ഐ.എം. വിജയനും സംഘവും സൗദിയില്‍ കളിക്കും. ഏഷ്യന്‍ കപ്പ് ചാമ്പ്യന്മാരായ സൗദിയിലെ അല്ക്വാദിസിയ ക്ലബുമായി കളിക്കുന്നതിന് വിജയന്റെ നേതൃത്വത്തില്‍ ഐ.എം. വിജയന്ഫൗണ്ടേഷന് ടീം തിങ്കളാഴ്ച സൗദി അറേബ്യയിലേയ്ക്കു പുറപ്പെട്ടു.
ആഗസ്റ്റ് 17 വ്യാഴാഴ്ച ദമാമിലെ മുഹമ്മദ് ബിന്‍ ഫഹദ് സ്റ്റേഡിയത്തില്‍ ആദ്യമത്സരം നടക്കും.19 ന് ശനിയാഴ്ച റിയാദിലാണ് രണ്ടാമത്തെ മത്സരം.
ജോ പോള്‍ അഞ്ചേരി, ദിനേഷ്് നായര്‍, കെ. എ. ആന്‍സണ്‍, പി. ടി. മെഹബൂബ്, സജി ജോയ്, സുധീര്‍ കുമാര്‍, വി. ബി. സന്തോഷ്, പി.ബി. ബാബു എന്നിവരും ബഹ്റിനിലെ ചാമ്പ്യന്‍ ക്ലബായ വെസ്റ്റ് റിഫയിലെ നാലു കളിക്കാരും ഐ. എം. വിജയന് ടീമിനു വേണ്ടി കളിക്കും. വിജയനും അഞ്ചേരിയും ആദ്യമായാണ് സൗദിയില്‍ കളിക്കുന്നത്. സൗദി അറേബ്യയിലെ പ്രമുഖ ടീമുകളിലൊന്നാണ് അല്ക്വാദിസിയ.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ടീമിന് സൗദിയില്‍ കളിക്കുന്നതിന് ക്ഷണം ലഭിക്കുന്നതെന്ന് വിജയന് ഫൗണ്ടേഷന് ഭാരവാഹികള്‍ അറിയിച്ചു. ടീമിനൊപ്പം കോച്ച് എ. എം. ശ്രീധരന്, മാനേജര്‍ ധനേഷ് പണിക്കര്‍, ഫൗണ്ടേഷന് ഡയറക്ടര്‍ രാജേഷ് നായര്‍ , സ്പോര്‍ട്സ് മെഡിസിന് വിദഗ്ധന്‍ ഡോ. ഷില്ലര്‍ ജോസ് എന്നിവരും സൗദിയിലേയ്ക്കു പുറപ്പെട്ടിട്ടുണ്ട്.