കോച്ചിന്റെ കാലാവധി അവസാനിച്ചാല്‍ വിരമിക്കുമെന്ന് കപില്‍
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി തുടരേണ്ട കാലം അവസാനിച്ചാല്‍ ക്രിക്കറ്റിനോട് വിട പറയുമെന്ന് കപില്‍ ദേവ്. ''എന്റെ രാജ്യത്തിനുവേണ്ടി കളിച്ചിട്ട് എനിക്ക് ഇതാണ് ലഭിക്കുന്നതെങ്കില്‍ ക്രിക്കറ്റില്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'', കളി തോറ്റു കൊടുക്കാന്‍ താന്‍ കോഴ വാങ്ങിയെന്ന മനോജ് പ്രഭാകറിന്റെ ആരോപണത്തെ സൂചിപ്പിച്ചുകൊണ്ട് കപില്‍ പറഞ്ഞു.
ശ്രീലങ്കയില്‍ നടന്ന സിംഗര്‍ കപ്പ് ക്രിക്കറ്റില്‍ ഒരു കളി തോറ്റു കൊടുക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു മനോജ് പ്രഭാകറിന്റെ ആരോപണം. തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ വാതുവെപ്പിനെയും കോഴവിവാദത്തെയും കുറിച്ചന്വേഷിക്കുന്ന സി.ബി.ഐയും ആദായനികുതി വകുപ്പും കപിലിന്റെ വീടും ഓഫീസും റെയ്ഡു ചെയ്തു.
''ഞാന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. എനിക്ക് ഒന്നും മറച്ചുവെക്കാനില്ല. ക്രിക്കറ്റുമായുളള എന്റെ ബന്ധത്തിന്റെ അവസാനമാണിത്'', കപില്‍ പറഞ്ഞു. ഇത് തന്റെ അന്തിമതീരുമാനമാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി കപില്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷമാണ് കപില്‍ ദേവ് ഇന്ത്യന്‍ ടീമിന്റെ കോച്ചായി നിയമിതനായത്. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. താന്‍ കോച്ചായി തുടരണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് ബി.സി.സി.ഐയാണെന്നും കപില്‍ പറഞ്ഞു.












Click it and Unblock the Notifications