ഉഷ പുരസ്കാരം ഏറ്റുവാങ്ങി
കൊച്ചി: കായികരംഗത്ത് ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള കേരള സ്പോര്‍ട്സ് ജേര്‍ണലിസ്റ് അസോസിയേഷന്റെ പുരസ്കാരം പി.ടി. ഉഷ ഏറ്റു വാങ്ങി. തന്റെ വളര്‍ച്ചയ്ക്ക് എന്നെന്നും പ്രോത്സാഹനമേകിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂപ്പുകകൈകളോടെ നന്ദി പറഞ്ഞാണ് ട്രാക്കിലെ താരറാണി പുരസ്കാരം സ്വീകരിച്ചത്.
കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റേഡിയത്തിലായിരുന്നു ചടങ്ങ്. ഒളിമ്പ്യന്മാരായ സൈമണ്‍ സുന്ദര്‍രാജ്, ഒ. ചന്ദ്രശേഖരന്‍, അംബികരാധിക, ലോംഗ്ജമ്പില്‍ ചരിത്രം കുറിച്ച ടി.സി. യോഹന്നാന്‍, ഫുട്ബോളര്‍ സി.സി. ജേക്കബ്, ബാഡ്മിന്റന്‍ താരങ്ങളായ മാര്‍ക്കോസ് ബ്രിസ്റോ, ജോര്‍ജ് തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രമുഖ വ്യവസായിയായ ആര്‍. മാധവന്‍പിള്ള അവാര്‍ഡ് തുകയായ പതിനായിരം രൂപയും ഫെയര്‍ ഫാര്‍മ ഉടമ ടി.എ. മജീദ് പുരസ്കാര ശില്പവും സമ്മാനിച്ചു.
കായികരംഗത്തെ വളര്‍ത്താനും തളര്‍ത്താനും പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താനും സ്പോര്‍ട്സ് പത്രപ്രവര്‍ത്തകര്‍ക്ക് കഴിയുമെന്ന് മറുപടി പ്രസംഗത്തില്‍ ഉഷ പറഞ്ഞു. ദുഷ്പ്രവണതകളെ വിമര്‍ശിക്കാനും അവര്‍ക്ക് കഴിയണം. കായികതാരങ്ങളുടെ വ്യക്തിജീവിതത്തെ ആക്രമിക്കരുതെന്ന് ഉഷ അഭ്യര്‍ത്ഥിച്ചു. കായികതാരങ്ങളും മനുഷ്യരാണ്. ഞാനും ഒരുപാട് സഹിച്ചതാണ്. ദു:ഖം അനിയന്ത്രിതമാകുമ്പോള്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട് -ഉഷ പറഞ്ഞു.
സ്പോര്‍ട്സ് ജേര്‍ണലിസ്റ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് എ.എന്‍. രവീന്ദ്രദാസ് അധ്യക്ഷനായിരുന്നു.












Click it and Unblock the Notifications