ടൈസന് വീണ്ടും അമേരിക്കയില്‍ മത്സരം
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വെച്ച് മൈക്കല്‍ ടൈസന് മറ്റൊരു മത്സരം കൂടി. ഒക്ടോബര്‍ 20ന് പോളണ്ടിന്റെ ആന്‍ഡ്രൂ ഗോലോട്ടയെയാണ് റിങ്ങില്‍ ടൈസന്‍ നേരിടുന്നത്.
ഒര്‍ലിന്‍ നോറിസുമായി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന വിവാദകരമായ മത്സരം കഴിഞ്ഞ് ഒരു വര്‍ഷത്തെ ഇടവേളക്കു ശേഷം ആദ്യമായാണ് ടൈസന്‍ വീണ്ടും അമേരിക്കയില്‍ മത്സരത്തിനെത്തുന്നത്. ടൈസന്റെ മൃഗീയമായ ആക്രമണം മൂലം ഒര്‍ലിന്‍ നോറിസിന് സാരമായ പരിക്കേറ്റിരുന്നു.
യൂറോപ്പില്‍ വെച്ച് ഈ വര്‍ഷം ടൈസന്‍ രണ്ടു തവണ റിങ്ങിലിറങ്ങി. സ്കോട്ട്ലാന്റിന്റെ ലോ സവാറെസിനെ 38 നിമിഷം കൊണ്ടാണ് ടൈസണ്‍ മലര്‍ത്തിയടിച്ചത്. ടൈസന്റെ ഏറ്റവും വേഗത്തിലുള്ള രണ്ടാമത്തെ വിജയമായിരുന്നു ഇത്.
ഈ മത്സരത്തിലും ടൈസന്‍ തന്റെ സ്ഥിരം ശൈലി ഉപേക്ഷിച്ചില്ല. ടൈസന്റെ ആക്രമണത്തിന് ഇരയായത് റഫറിയാണെന്നു മാത്രം. റഫറി ജോണ്‍ കോയിലിനെ ആക്രമിച്ചതിന് 1,25,000 പൗണ്ടാണ് ടൈസന് ശിക്ഷയായി വിധിച്ചത്.
ജനുവരിയില്‍ നടന്ന മത്സരത്തില്‍ ജൂലിയസ് ഫ്രാന്‍സിസിനെതിരെയായിരുന്നു ടൈസന്റെ മത്സരം. ആ മത്സരത്തിലും ടൈസണ്‍ ജയിച്ചുകയറി.












Click it and Unblock the Notifications