ഹോക്കി: ഇന്ത്യ--- ആസ്ട്രേലിയ മത്സരം സമനിലയില്‍
സിഡ്നി: വിജയം മാത്രം ലക്ഷ്യമിട്ട് കുതിച്ച ധന്‍രാജ്പിള്ളക്കും കൂട്ടര്‍ക്കും ആസ്ട്രേലിയ വിജയം നിഷേധിച്ചു. സപ്തംബര്‍ 19 ചൊവാഴ്ച നടന്ന ഒളിമ്പിക്സ് ഹോക്കിയിലെ ആവേശകരമായ മത്സരത്തില്‍ ഇന്ത്യയും ആസ്ട്രേലിയയും 2-2 സമനിലയില്‍ പിരിഞ്ഞു.
മത്സരത്തില്‍ രണ്ടു തവണ മുന്നിലെത്തിയിട്ടും ഇന്ത്യക്ക് വിജയം കണ്ടെത്താനായില്ല. ആസ്ട്രേലിയയുടെ ഉശിരന്‍ പോരാട്ടത്തിനു മുന്നില്‍ ഇന്ത്യക്ക് സമനില കൊണ്ട് തൃപ്തിയടയേണ്ടിവന്നു.
35-ാം മിനുറ്റിലാണ് ആദ്യഗോള്‍ പിറന്നത്. മധ്യനിരയില്‍ നിന്നും ധന്‍രാജ്പിള്ളയാണ് ഗോളിലേക്ക് നയിച്ച നീക്കം നടത്തിയത്. ധന്‍രാജ്പിള്ള നല്‍കിയ പന്ത് ഒരു റിവേഴ്സ് ഷോട്ടിലൂടെ മുകേഷ് കുമാര്‍ ആസ്ട്രേലിയയുടെ വലയിലെത്തിച്ചു.
താമസിയാതെ ആസ്ട്രേലിയ ഗോള്‍ മടക്കി. പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റിയത് ജുഡ് മെനസ് ആയിരുന്നു.
തുടര്‍ന്ന് ഇന്ത്യക്ക് കിട്ടിയ രണ്ട് പെനാല്‍റ്റി കോര്‍ണറുകളും മുതലാക്കാനായില്ല. മൂന്നാമത്തെ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി ഇന്ത്യവീണ്ടും മുന്നിലെത്തി. ബല്‍ജിത് സിംഗാണ് ഗോള്‍ നേടിയത്.
ഇടവേളക്കു പിരിയുമ്പോള്‍ ഇന്ത്യ 2-1ന് മുന്നില്‍ നില്‍ക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇരുടീമുകളും ആക്രമിച്ചുകളിക്കുന്നതാണ ്കണ്ടത്. ലീഡ് നേടിയിട്ടും ഇന്ത്യ പ്രതിരോധത്തിലേക്ക് പിന്‍വാങ്ങാന്‍ തയാറായില്ല. സമനില നേടണമെന്ന വാശിയോടെ ആസ്ട്രേലിയയും ആക്രമിച്ചുകളിച്ചു.
51-ാം മിനുട്ടില്‍ ആസ്ട്രേലിയ വീണ്ടും സമനില ഗോള്‍ നേടി. മുകേഷ് കുമാറിനു പകരം സബ്സ്റിറ്റ്യൂട്ടിനെ ഇറക്കിയതിനെ തുടര്‍ന്ന് മത്സരത്തിലെ വീറില്‍ നിന്ന് ഇന്ത്യ അല്പം പിന്നോട്ട് പോയത് ആസ്ട്രേലിയ മുതലാക്കുകയായിരുന്നു. ക്രെയിഗ് വിക്ടറി ആണ് ആസ്ത്രേലിയയ്ക്ക് സമനിലഗോള്‍ സമ്മാനിച്ചത്.
വിജയത്തിനായി ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നുള്ള പോരാട്ടത്തില്‍ ഇന്ത്യയാണ് കൂടുതല്‍ നീക്കങ്ങള്‍ നടത്തിയത്.
രണ്ട് മത്സരങ്ങളില്‍ ഒരു വിജയവും സമനിലയും നേടിയ ഇന്ത്യക്ക് ഇതോടെ നാല് പോയന്റായി. സപ്തംബര്‍ 21ന് കൊറിയയുമായാണ് ഇന്ത്യക്ക് അടുത്ത മത്സരം.












Click it and Unblock the Notifications