ഒളിംപിക്സ് ഹോക്കി: ഇന്ത്യ സ്പെയിനിനെ തോല്‍പിച്ചു
സിഡ്നി: ഒളിംപിക് ഹോക്കിയില്‍ ഇന്ത്യക്ക് രണ്ടാം വിജയം. തങ്ങളുടെ നാലാമത്തെ മത്സരത്തില്‍ സ്പെയിനിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ആദ്യമത്സരത്തില്‍ അര്‍ജന്റീനയെ തോല്പിക്കുകയും രണ്ടാം മത്സരത്തില്‍ ആസ്ത്രേലിയയോട് സമനില വഴങ്ങുകയും ചെയ്ത ഇന്ത്യ മൂന്നാം മത്സരത്തില്‍ ദക്ഷിണകൊറിയയോട് അപ്രതീക്ഷിതമായ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. നാലു മത്സരങ്ങളില്‍ നിന്ന് ഇപ്പോള്‍ ഏഴു പോയിന്റുള്ള ഇന്ത്യ സെമി സാധ്യത നിലനിര്‍ത്തി.
സ്പെയിനിന്റെ മുന്നേറ്റത്തോടുകൂടിയാണ് ആദ്യപകുതി തുടങ്ങിയത്. ആദ്യ 10 മിനിറ്റിനുള്ളില്‍തന്നെ ഇന്ത്യ രണ്ടു പെനാല്‍റ്റി കോര്‍ണറുകള്‍ വഴങ്ങി. പിന്നീട് സാവധാനം താളം വീണ്ടെടുത്ത ഇന്ത്യ 15-ാം മിനിറ്റില്‍ ലീഡ് നേടി. പെനാല്‍റ്റികോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് ബല്‍ജീത് സിംഹ് ദില്ലന്‍ ഗോളാക്കി മാറ്റി (1-0).
ശക്തമായി തിരിച്ചടിച്ച സ്പെയിന്‍ 21-ാം മിനിറ്റില്‍ സമനില നേടി. തങ്ങള്‍ക്ക് ലഭിച്ച മൂന്നാമത്തെ പെനാല്‍റ്റി കോര്‍ണര്‍ സേവ്യര്‍ റിബാസ് ഇന്ത്യന്‍ വലയിലെത്തിച്ചു (1-1). ആദ്യപകുതിയുടെ അവസാനമായപ്പോഴേക്കും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. അവസാനനിമിഷത്തില്‍ രണ്ടു പെനാല്‍റ്റികള്‍ നേടിയ ഇന്ത്യ വീണ്ടും ലീഡ് നേടി. (2-1). ദിലീപ് കുമാറാണ് ഇത്തവണ സ്കോര്‍ ചെയ്തത്.
രണ്ടാം പകുതിയും തുടങ്ങിയത് സ്പെയിനിന്റെ മുന്നേറ്റത്തോടു കൂടിയായിരുന്നു. 40-ാം മിനിറ്റില്‍ അവര്‍ക്ക് ലഭിച്ച പെനാല്‍റ്റി കിക്ക് പാഴായി. 44-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് ഗോളാക്കിയ ബല്‍ജീത് സിംഹ് ദില്ലനിലൂടെ ഇന്ത്യ ലീഡുയര്‍ത്തി (3-1).
മിനിറ്റുകള്‍ക്കുള്ളില്‍ സ്പെയിന്‍ ലീഡ് 3-2 ആക്കി കുറച്ചു. മികച്ച ഒരു ഫീല്‍ഡ് ഗോളിലൂടെ പെപ് സാഞ്ചസാണ് സ്പെയിനിന്റെ രണ്ടാം ഗോള്‍ നേടിയത്.
തോല്‍വിയില്‍ നിന്ന് രക്ഷ നേടാന്‍ കിണഞ്ഞു ശ്രമിച്ച സ്പെയിന്‍ പിന്നീട് എട്ടു ഗോളവസരങ്ങള്‍ തുറന്നെടുത്തു. എന്നാല്‍ അവസരത്തിനൊത്തുയര്‍ന്ന ഇന്ത്യന്‍ പ്രതിരോധം അവയെല്ലാം നിഷ്പ്രഭമാക്കി.












Click it and Unblock the Notifications