ക്രിക്കറ്റ്: ശ്രീലങ്കയ്ക്ക് 108 റണ്‍സ് ജയം
നൈറോബി: ഐസിസി നോക്കൗട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ശ്രീലങ്കയ്ക്ക് മിന്നുന്ന ജയം. വെസ്റിന്‍ഡീസിനെ അവര്‍ 108 റണ്‍സിനാണ് തോല്പിച്ചത്. ഒക്ടോബര്‍ എട്ടിന് ഞായറാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്ക പാകിസ്ഥാനെ എതിരിടും.
സ്കോര്‍: ശ്രീലങ്ക - 50 ഓവറില്‍ ആറു വിക്കറ്റിന് 287. വെസ്റിന്‍ഡീസ് - 46.4 ഓവറില്‍ 179 റണ്‍സിന് എല്ലാവരും പുറത്ത്.
കരുത്തുറ്റ ബാറ്റിംഗ് നിരയും അച്ചടക്കമാര്‍ന്ന ഫീല്‍ഡിംഗും ബൗളിംഗുമാണ് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം മോശമായിരുന്നു. 10 റണ്ണെടുക്കുമ്പോഴേക്കും ക്യാപ്റ്റന്‍ സനത് ജയസൂര്യയും (2) മാര്‍വന്‍ അട്ടപ്പട്ടുവും (2) പുറത്ത്.
പിന്നീട് ശ്രദ്ധയോടെ ബാറ്റേന്തിയ ആവിഷ്ക ഗുണവര്‍ധനെയും (132) മഹേല ജയവര്‍ധനെയും (72) ചേര്‍ന്ന് ശ്രീലങ്കയെ രക്ഷിച്ചു. മൂന്നാം വിക്കറ്റിന് 160 റണ്‍സ് അടിച്ചുകൂട്ടിയ ഇവര്‍ ശ്രീലങ്കക്ക് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുന്നതിനുള്ള അടിത്തറ ഒരുക്കി. പിന്നീട് റസ്സല്‍ ആര്‍നോള്‍ഡും (41) രമേഷ് കലുവിതരണയും ചേര്‍ന്ന് (16) ശ്രീലങ്കയെ ആറു വിക്കറ്റിന് 287 എന്ന സ്കോറിലെത്തിച്ചു.
മറുപടി ബാറ്റംഗിനിറങ്ങിയ വെസ്റിന്‍ഡീസ് ഒരിക്കലും വിജയിക്കുമെന്ന തോന്നലുളവാക്കിയില്ല. ഷെര്‍വിന്‍ കാംബലും (20) ബ്രൗണും (15) പിടിച്ചു നില്‍ക്കുമെന്ന് തോന്നിച്ചെങ്കിലും ശ്രീലങ്കയുടെ സ്കോറിനെ വെല്ലാനുള്ള മനശ്ശക്തി അവര്‍ക്കു നഷ്ടപ്പെട്ടുവെന്ന് തോന്നി. നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്ന വെസ്റിന്‍ഡീസിന് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴചവെച്ചത് എല്‍. വില്യംസും (41) എം. നാഗമൂട്ടും (33) ആയിരുന്നു.












Click it and Unblock the Notifications