ന്യൂസിലാണ്ടിന് 265 റണ്‍സ് വിജയലക്ഷ്യം
നൈറോബി: ഐസിസി നോക്കൗട്ട് ക്രിക്കറ്റ് ട്രോഫി നേടാന്‍ ന്യൂസിലാണ്ടിന് 265 റണ്‍സ് വേണം. നൈറോബിയില്‍ നടക്കുന്ന ഫൈനലില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റിന് 264 റണ്‍സെടുത്തു.
ടോസ് നേടിയ ന്യൂസിലാണ്ട് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും ന്യൂസിലാണ്ട് ഓപ്പണിംഗ് ബൗളര്‍മാരെ കണക്കറ്റ് ശിക്ഷിച്ചുകൊണ്ടാണ് തുടങ്ങിയത്. ആദ്യ 15 ഓവറില്‍ ഇരുവരും കൂടി 86 റണ്‍സ് അടിച്ചുകൂട്ടി.
ഇന്ത്യന്‍ ഓപ്പണിംഗ് ജോഡിയെ തകര്‍ക്കാന്‍ ന്യൂസിലാണ്ട് ക്യാപ്റ്റന്‍ മാറിമാറി ബൗളര്‍മാരെ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. സ്കോര്‍ 141ല്‍ എത്തിയപ്പോള്‍ ടെണ്ടുല്‍ക്കറും ഗാംഗുലിയും തമ്മില്‍ വന്ന ധാരണപ്പിശകില്‍ ടെണ്ടുല്‍ക്കര്‍ റണ്ണൗട്ടായി. 83 പന്തില്‍ നിന്ന് 69 റണ്‍സെടുത്ത് പുറത്താകുന്നതിനു മുമ്പ് ഏകദിനക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരന്‍ എന്ന ബഹുമതി ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയിരുന്നു.
ടെണ്ടുല്‍ക്കര്‍ പുറത്തായതോടെ ഇന്ത്യയുടെ സ്കോറിംഗിന്റെ വേഗത കുറഞ്ഞു. ഒരോവറില്‍ ആറു റണ്‍ എന്ന രീതിയില്‍ മുന്നോട്ടു പോയിരുന്ന റണ്‍റേറ്റ് അഞ്ചിനു മുകളില്‍ മാത്രമാക്കി കുറച്ചുകൊണ്ടുവരാന്‍ ന്യൂസിലാണ്ട് ബൗളര്‍മാര്‍ക്ക് സാധിച്ചു. നതാന്‍ ആസിലിന്റെയും ക്രിസ് കെയിന്‍സിന്റെയും മികച്ച ബൗളിംഗാണ് ന്യൂസിലാണ്ടിന് തുണയായത്. ഇതിനിടെ ഗാംഗുലി സെഞ്ച്വറി തികച്ചു. സ്കോര്‍ 202-ല്‍ എത്തിയപ്പോള്‍ വീണ്ടും ഗാംഗുലി പിഴവ് വരുത്തിയതിനെത്തുടര്‍ന്ന് 22 റണ്‍സെടുത്ത ദ്രാവിഡ് റണ്ണൗട്ടായി.
പിന്നീടെത്തിയ യുവ്രാജ് സിംഹ് പതുക്കെയാണ് തുടങ്ങിയത്. 117 റണ്ണെടുത്ത ഗാംഗുലി ആസിലിന്റെ പന്തില്‍ ക്രിസ് ഹാരിസ് പിടിച്ചു പുറത്തായതോടെ ഇന്ത്യയുടെ സ്കോറിംഗ് റേറ്റ് വീണ്ടും താണു. അവസാന ഓവറുകള്‍ എറിഞ്ഞ സ്കോട്ട് സ്റൈറിസും ജെഫ് ആലട്ടും മികച്ച ലൈനും ലെങ്തും കണ്ടെത്തിയതോടെ ആഞ്ഞടിക്കാന്‍ കഴിയാതെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ കുഴങ്ങി.
തുടര്‍ന്ന് വിനോദ് കാംബ്ലി (1), യുവ്രാജ് സിംഹ് (19), റോബിന്‍ സിംഹ് (13) എന്നിവര്‍ പുറത്തായി. അജിത് അഗാര്‍ക്കര്‍ 15ഉം വിജയ് ദാഹിയ ഒന്നും റണ്‍വീതമെടുത്ത് പുറത്താകാതെ നിന്നു.
ന്യൂസിലാണ്ടിനു വേണ്ടി സ്റൈറിസ് രണ്ടും ആസില്‍ ആലട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.












Click it and Unblock the Notifications