മുരളീധരന് ലോക റിക്കാര്‍ഡ് , ഇന്ത്യയ്ക്കു തോല്‍വി
ഷാര്‍ജ: ലോക റിക്കാര്‍ഡ് പ്രകടനത്തിലൂടെ ശ്രീലങ്കന്‍ സ്പിന്‍ ബൗളര്‍ മുത്തയ്യ മുരളീധരന്‍ ഇന്ത്യയെ തകര്‍ത്തു. ഒക്ടോബര്‍ 27 വെള്ളിയാഴ്ച ഷാര്‍ജ കപ്പ് ക്രിക്കറ്റിലെ അവസാന ലീഗ് മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയോട് 68 റണ്‍സിന് പരാജയപ്പെട്ടു.
10 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി ഏഴ് ഇന്ത്യന്‍ വിക്കറ്റുകള്‍ പിഴുത മുരളീധരന്‍ സ്ഥാപിച്ചത് ഏകദിനക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനമെന്ന റിക്കാര്‍ഡാണ്.
ഇതോടെ കളിച്ച നാലു മത്സരങ്ങളും ശ്രീലങ്ക വിജയിച്ചു. ഒക്ടോബര്‍ 29 ഞായറാഴ്ച ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും വീണ്ടും ഏറ്റുമുട്ടും.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ശ്രീലങ്കയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. അമ്പത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സ് അവര്‍ നേടി. സെഞ്ച്വറികള്‍ നേടിയ മര്‍വന്‍ അട്ടപ്പട്ടുവും മഹേല ജയവര്‍ധനെയും ശ്രീലങ്കന്‍ ഇന്നിംഗ്സിന്റെ നെടുംതൂണുകളായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49-ാം ഓവറില്‍ 226 ന് എല്ലാവരും പുറത്തായി. സച്ചിന്‍(61), റോബിന്‍ സിംഹ്( 31), ഹേമംഗ് ബദാനി(42), വിജയ്ദാഹിയ(40) എന്നിവര്‍ ഒഴിച്ചുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ എല്ലാവരും പരാജയപ്പെടുകയായിരുന്നു.












Click it and Unblock the Notifications