കോഴ റിപ്പോര്‍ട്ട് പുറത്തുവിട്ടു , അസ്ഹര്‍ മുഖ്യപ്രതി
ദില്ലി: ക്രിക്കറ്റിന് അപമാനമുണ്ടാക്കിയ കോഴ വിവാദത്തെക്കുറിച്ചുള്ള സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തു വിട്ടു. നവംബര്‍ ഒന്ന് ബുധനാഴ്ച കേന്ദ്ര സ്പോര്‍ട്സ് വകുപ്പ് മന്ത്രി സുഖ്ദേവ് സിംഹ് ധിന്‍സയാണ് വാര്‍ത്താ സമ്മേളനത്തില്‍ സി ബി ഐ റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയത്.
മുന്‍ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ തവണ ഇന്ത്യന്‍ കുപ്പായമ ണിഞ്ഞ വ്യക്തിയുമായ മുഹമ്മദ് അസ്ഹറുദ്ദീനാണ് കോഴ ഇടപാടുകളില്‍ പ്രധാനിയെന്ന് സി ബി ഐ അന്വേഷണ സംഘം കണ്ടെത്തി.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പ്രധാന കളിക്കാരനുമായ അജയ് ജഡേജ, മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയ , കോഴ വിവാദമെന്ന ഭൂതത്തെ തുറന്നുവിട്ട മുന്‍ ഓള്‍ റൗണ്ടര്‍ മനോജ് പ്രഭാകര്‍, അജയ് ശര്‍മ്മ എന്നിവരാണ് സി ബി ഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള മറ്റ് ഇന്ത്യന്‍ കളിക്കാര്‍.
ഇവരോടൊപ്പം ഏതാനും വിദേശ കളിക്കാരും കോഴയിടപാടുകളിലേര്‍പ്പെട്ടതായി സി ബി ഐ കണ്ടെത്തിയിട്ടുണ്ട്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലക് സ്റ്റുവര്‍ട്ട്, മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ, മുന്‍ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ, മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സലിം മാലിക്, മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യേ, ആസ്ത്രേലിയന്‍ കളിക്കാരനായ മാര്‍ക് വോ, മുന്‍ ശ്രീലങ്കന്‍ കളിക്കാരന്‍ അരവിന്ദ് ഡിസില്‍വ, മന്‍ ആസ്ത്രേലിയന്‍ കളിക്കാരന്‍ ഡീന്‍ ജോണ്‍സ്, മുന്‍ ന്യൂസിലാണ്ട് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ, ഇന്ത്യന്‍ ടീമിന്റെ മുന്‍ ഫിസിയോ തെറാപിസ്റ്റ് ഡോ. അലി ഇറാനി എന്നിവരുടെ പേരുകള്‍ സി ബി ഐ റിപ്പോര്‍ട്ടിലുണ്ട്.
എം കെ അഥവാ ജോണ്‍ എന്നറിയപ്പെടുന്ന മുകേഷ് ഗുപ്തയെന്ന പന്തയക്കാരനുമായി ബന്ധമുള്ളവരാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന എല്ലാവരുമെന്ന് സി ബി ഐ കണ്ടെത്തി.
ഇന്ത്യയ്ക്കു വേണ്ടി 413 മത്സരങ്ങള്‍ കളിച്ച അസ്ഹറുദ്ദീന്‍ കോഴയിടപാടുകളിലെ മുഖ്യ ഇടനിലക്കാരനാണെന്ന് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ജഡേജയും നയന്‍ മോംഗിയയും തന്നോടൊപ്പം ഇടപാടുകളില്‍ പങ്കാളികളായിരുന്നുവെന്ന് അസ്ഹറുദ്ദീനാണ് സി ബി ഐ യോടു വെളിപ്പെടുത്തിയത്.
ഇന്ത്യയുടെ മുന്‍ ടീം ഫിസിയോ തെറാപിസ്റ് ഡോ. അലി ഇറാനി കോഴയിടപാടുകളില്‍ അസ്ഹറുദ്ദീന്റെ മുഖ്യ ബിനാമിയായി പ്രവര്‍ത്തിച്ചിരുന്നുവെന്നും അസ്ഹറിനു വേണ്ടി മുകേഷ് ഗുപ്ത ഉള്‍പ്പെടെയുള്ള പന്തയക്കാരില്‍ നിന്നു പണം കൈപ്പറ്റിയിരുന്നത് ഇറാനിയായിരുന്നുവെന്നും സി ബി ഐ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇതിനു പ്രതിഫലമായി അസ്ഹര്‍ ഓരോ ഇടപാടിനും ഇറാനിക്കു പണം നല്‍കുമായിരുന്നുവെന്നും സി ബി ഐ റിപ്പോര്‍ട്ട് പറയുന്നു.
കോഴയിടപാടുകളെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയ മനോജ് പ്രഭാകറാണ് പന്തയക്കാരന്‍ മുകേഷ് ഗുപ്തയെ വിദേശ കളിക്കാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ക്രിക്കറ്റ് പന്തയവും അധോലോകവുമായി അഭേദ്യബന്ധമുണ്ടെന്നും പന്തയ റാക്കറ്റിനെ നിയന്ത്രിക്കുന്നത് അധോലോകമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വേണ്ട ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ അധോലോകം ക്രിക്കറ്റ് കളിയുടെ നിയന്ത്രണം പൂര്‍ണമായും കൈക്കലാക്കുമെന്നും സി ബി ഐ മുന്നറിയിപ്പു നല്‍കുന്നുണ്ട്.












Click it and Unblock the Notifications