പി.ഇ.ഉഷ കേസ് : റിപ്പോര്‍ട്ടിന്റെ ഭാവി അവതാളത്തില്‍
തിരുവനന്തപുരം: കലിക്കറ്റ് സര്‍വകലാശാല ജീവനക്കാരി പി.ഇ.ഉഷയ്ക്ക് ബസില്‍ വച്ചുണ്ടായ പീഡനത്തെക്കുറിച്ചുള്ള വനിതാകമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാവി അവതാളത്തിലാകുന്നു. റിപ്പോര്‍ട്ടിനെച്ചൊല്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സുഗതകുമാരിയും കമ്മീഷനിലെ ഒരംഗമായ ടി.ദേവിയും തമ്മില്‍ അഭിപ്രായയുദ്ധത്തിലേക്ക് നീങ്ങിയതോടെയാണിത്.
വനിതാകമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ കമ്മീഷനിലെ സി പി എം നോമിനിയായ ടി.ദേവിയാണ് ആദ്യം രംഗത്തിറങ്ങിയത്. റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്നും അധ്യക്ഷ സുഗതകുമാരി ഈ കേസില്‍ പ്രത്യേക താത്പര്യം കാട്ടിയെന്നും ആരോപിച്ച് ദേവി റിപ്പോര്‍ട്ടില്‍ തന്നെ വിയോജനക്കുറിപ്പെഴുതിയിരുന്നു.
ഉഷയുടെ ആരോപണം കലിക്കറ്റ് സര്‍വകലാശാലാ അധികാരികളായ സി പി എമ്മുകാര്‍ക്കും സര്‍വകലാശാലയിലെ സി പി എം ട്രേഡ് യൂണിയന്‍ അംഗവും ഉഷയുടെ സഹപ്രവര്‍ത്തകനുമായ പ്രകാശനെതിരേയും ആയിരുന്നു. ഉഷയുടെ ആരോപണങ്ങളെ ശരിവയ്ക്കുന്ന രീതിയില്‍ വനിതാകമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തായതാണ് സി പി എം കാരിയായ ദേവിയെ പ്രകോപിച്ചതെന്നു വ്യക്തമാണ്.
സംഭവത്തെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ദേവി സുഗതകുമാരിക്ക് കത്തു നല്‍കിയിരിക്കുകയാണ്. റിപ്പോര്‍ട്ട് തയ്യാറാക്കിയത് ജില്ലാ ജഡ്ജ് വര്‍ഗീസ് മാത്യുവാണെന്നതാണ് ദേവിയുടെ മുഖ്യ ആരോപണം .
എന്നാല്‍ ഉഷ കേസില്‍ താന്‍ അമിത താല്പര്യം കാട്ടിയെന്ന ദേവിയുടെ ആരോപണം സുഗതകുമാരി നിഷേധിച്ചു. കമ്മീഷനിലെ ആറംഗങ്ങളും റിപ്പോര്‍ട്ടിനെ അംഗീകരിച്ചുവെന്നും ഒക്ടോബര്‍ 25 ന് ചേര്‍ന്ന കമ്മീഷന്‍ സിറ്റിംഗില്‍ ദേവിയും റിപ്പോര്‍ട്ടിനെ അംഗീകരിച്ചിരുന്നുവെന്നും സുഗതകുമാരി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നവംബര്‍ ഏഴിന്റെ കമ്മീഷന്‍ യോഗത്തില്‍ ദേവി റിപ്പോര്‍ട്ട് നിഷേധിക്കുകയായിരുന്നു-സുഗതകുമാരി പറഞ്ഞു.
ഉഷയുടെ കാര്യത്തില്‍ താന്‍ അമിതതാത്പര്യം കാട്ടിയെന്ന ആരോപണം ശുദ്ധ നുണയാണെന്നും സുഗതകുമാരി പറയുന്നു. എല്ലാ പെണ്‍കുട്ടികളുടെ കാര്യത്തിലും എടുക്കുന്ന താത്പര്യമാണ് ഇക്കാര്യത്തിലും കാട്ടിയത്. കമ്മീഷന്‍ ഡയറക്ടര്‍ ശങ്കര്‍റെഡ്ഡിയാണ് ഈ കേസില്‍ അന്വേഷണം നടത്തിയത്. സംഭവത്തില്‍ മലപ്പുറത്ത് നടത്തിയ തെളിവെടുപ്പിലും ദേവി സംബന്ധിച്ചിരുന്നു. അവരെ അറിയിച്ചില്ലെന്ന് പറയുന്നതും ശരിയല്ല- സുഗതകുമാരി ചൂണ്ടിക്കാട്ടി.
ജില്ലാ ജഡ്ജി വര്‍ഗീസ് മാത്യു റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നു പറയുന്നതു തെറ്റാണെന്ന് സുഗതകുമാരി പറഞ്ഞു. വര്‍ഗീസ് മാത്യുവിന്റെ നിയമോപദേശം തേടുക മാത്രമാണ് ചെയ്തത്. അദ്ദേഹം തുടക്കം മുതല്‍ വനിതാകമ്മീഷന്‍ വിദഗ്ധാംഗമാണ്. വര്‍ഗീസ് മാത്യുവിന്റെ ഉപദേശ പ്രകാരം കമ്മീഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും സുഗതകുമാരി പറഞ്ഞു.
എന്നാല്‍ റിപ്പോര്‍ട്ട് നിയപരമല്ലെന്നാണ് ദേവി ഇപ്പോഴും അഭിപ്രായപ്പെടുന്നത്. ഇക്കാര്യത്തില്‍ നിയമപരമായി തന്നെ പരിഹാരം കാണണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
വനിതാകമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടുമാസത്തിനകം നടപടിയെടുക്കണമെന്നിരിക്കേ റിപ്പോര്‍ട്ടിനെ സംബന്ധിച്ച പുതിയ ആരോപണങ്ങള്‍ നടപടികള്‍ക്ക് കാലതാമസം വരുത്താനാണ് സാധ്യത. ഇക്കാര്യം മുന്നില്‍ കണ്ടാണ് സി പി എം അംഗമായ ദേവിയെ മുന്നില്‍ നിര്‍ത്തി ചിലര്‍ ഇക്കാര്യത്തില്‍ കളിക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications