രഞ്ജി : കേരളത്തിനെതിരെ ഗോവയ്ക്ക് ഫോളോ ഓണ്‍
കൊച്ചി: ഒന്നാം ഇന്നിംഗ്സില്‍ 180 റണ്‍സിന് പുറത്തായ ഗോവ കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ഫോളോ ഓണ്‍ ചെയ്തു. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സാരംഭിച്ച അവര്‍ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തിട്ടുണ്ട്.
തലേ ദിവസത്തെ സ്കോറായ രണ്ടു വിക്കറ്റിന് 86 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഗോവയ്ക്ക് 94 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ സാധിച്ചുള്ളൂ. യശ്വന്ത് ബര്‍ദെ (41), സത്യജിത് മേദപ്പ (34), രോഹിത് റാണെ (27) എന്നിവരാണ് കേരളാബൗളിംഗിനെതിരെ അല്‍പമെങ്കിലും പിടിച്ചു നിന്നത്. കേരളം ഒന്നാം ഇന്നിംഗ്സില്‍ 370 റണ്‍സാണെടുത്തിരുന്നത്.
കേരളത്തിനു വേണ്ടി ക്യാപ്റ്റന്‍ അനന്ത പത്മനാഭന്‍ മൂന്നു വിക്കറ്റു വീഴ്ത്തി. ശ്രീകുമാരന്‍ നായരും രഞ്ജിത് മേനോനും രണ്ടു വിക്കറ്റുകള്‍ വീതം ലഭിച്ചു.
രണ്ടാം ഇന്നിംഗ്സാരംഭിച്ച ഗോവയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. സ്കോര്‍ എട്ടില്‍ എത്തിയപ്പോള്‍ അവരുടെ ആദ്യ വിക്കറ്റ് വീണു. എന്നാല്‍ പിന്നീട് ഗോവന്‍ ബാറ്റ്സ്മാന്മാര്‍ തിരിച്ചടിച്ചു. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ സത്യജിത് മേദപ്പ 63 റണ്‍സോടെയും വിവേക് കോലാമ്പ്കര്‍ 32 റണ്‍സോടെയും ബാറ്റ് ചെയ്യുന്നു. രണ്ടാം വിക്കറ്റിന് ഇവര്‍ ഇതിനകം തന്നെ 103 റണ്‍സ് ചേര്‍ത്തു കഴിഞ്ഞു.
ഗോവ ഇപ്പോഴും കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാള്‍ 79 റണ്‍സിനു പിന്നിലാണ്.












Click it and Unblock the Notifications