രഞ്ജി: ഗോവ കേരളത്തെ സമനിലയില്‍ തളച്ചു
കൊച്ചി: കേരളവും ഗോവയും തമ്മിലുള്ള ദക്ഷിണ മേഖലാ രഞ്ജി ട്രോഫി മത്സരം സമനിലയില്‍ അവസാനിച്ചു. ആദ്യ ഇന്നിംഗ്സില്‍ ഫോളോ ഓണ്‍ വഴങ്ങിയ ഗോവ രണ്ടാം ഇന്നിംഗ്സില്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തതോടെയാണ് കേരളത്തിന് വിജയം നഷ്ടമായത്.
മൂന്നാം ദിവസത്തെ സ്കോറായ ഒന്നിന് 111 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഗോവ രണ്ടാം ഇന്നിംഗ്സില്‍ 321 റണ്‍സിന് എല്ലാവരും പുറത്തായി. പക്ഷെ അപ്പോഴേക്കും അവസാനദിവസത്തെ കളിയില്‍ അഞ്ച് ഓവറുകള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അതിനാല്‍ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.
സ്കോര്‍: കേരളം 370. ഗോവ 180, 321.
ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ 79 റണ്‍ കൂടി വേണമെന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ് തുടങ്ങിയ ഗോവയ്ക്കു വേണ്ടി സത്യജിത് മേദപ്പ സെഞ്ച്വറി നേടി. 116 റണ്‍സ് നേടിയ മേദപ്പയുടെയും 73 റണ്‍സ് നേടിയ രോഹിത് റാണെയുടെയും ബാറ്റിംഗാണ് കേരളത്തില്‍ നിന്ന് വിജയം തട്ടിപ്പറിച്ചത്.
കേരളത്തിനു വേണ്ടി ക്യാപ്റ്റന്‍ അനന്തപത്മനാഭന്‍ നാലും രാംപ്രകാശ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
ഒന്നാം ഇന്നിംഗ്സില്‍ ലീഡ് നേടിയതിനാല്‍ ഈ മത്സരത്തില്‍ നിന്ന് കേരളത്തിന് അഞ്ച് പോയിന്റു ലഭിക്കും. ഇതോടെ കേരളത്തിന് മൂന്നു കളികളില്‍ നിന്ന് ആകെ 10 പോയിന്റായി. ഈ കളിയില്‍ നിന്ന് ഗോവയ്ക്ക് മൂന്നു പോയിന്റ് ലഭിച്ചു.
നവംബര്‍ 22 ബുധനാഴ്ച കൊച്ചിയില്‍ വെച്ചു തന്നെ കേരളം കര്‍ണാടകത്തെ നേരിടും.












Click it and Unblock the Notifications