രഞ്ജി: കേരളം മൂന്നിന് 168
കൊച്ചി: കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കര്‍ണാടകത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 236ന് മറുപടിയായി കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു.
കളി നിര്‍ത്തുമ്പോള്‍ 30 റണ്‍സെടുത്ത സുനില്‍ ഒയാസിസും 17 റണ്‍സെടുത്ത അജയ് കുടുവയുമാണ് ക്രീസില്‍.
ബൗളര്‍ ആയി ടീമിലെത്തുകയും ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ഭാഗ്യം തേടുകയും ചെയ്യുന്ന പ്രശാന്ത് മേനോന്‍ ആണ് കേരളനിരയില്‍ തിളങ്ങിയത്. എല്‍ബിഡബ്ല്യുവിലൂടെ പുറത്താകുമ്പോള്‍ 63 റണ്‍സായിരുന്നു പ്രശാന്തിന്റെ വിലപ്പെട്ട സംഭാവന.
കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് തുടക്കം ഭദ്രമായിരുന്നു. എം.പി.സൊറാബും വരുണ്‍ ഗിരിലാലും കര്‍ണാടകത്തിന്റെ പേസ് ആക്രമണത്തെ ഫലപ്രദമായി നേരിട്ടു. എട്ടാം ഓവറില്‍ ഡി.ഗണേഷാണ് ഈ സഖ്യത്തെ തകര്‍ത്തത്. ഗണേശിന്റെ പന്തില്‍ നായിഡു പിടിച്ച് ഗിരിലാല്‍ പുറത്തായി. സ്കോര്‍ ഒന്നിന് 32.
സൊറാബിന് പകരമെത്തിയ പ്രശാന്ത് മേനോന്‍ ഗിരിലാലിനൊപ്പം ശക്തമായ പിന്തുണ നല്കി. സൊറാബ് പ്രതിരോധത്തിലൂന്നിയപ്പോള്‍ പ്രശാന്ത് റണ്ണൊഴുക്കിന് വേഗത കൂട്ടി. ഉച്ചയൂണിന് പിരിയുമ്പോള്‍ ഒരു വിക്കറ്റിന് 73 എന്ന നിലയില്‍ ശക്തമായ നിലയിലായിരുന്നു കേരളം.
35-ാമത്തെ ഓവറില്‍ മൂന്നാമത്തെ പന്തില്‍ സൊറാബ് (24) പുറത്താകുമ്പോള്‍ കേരളത്തിന്റെ സ്കോര്‍ 95ലെത്തിയിരുന്നു. 63 റണ്‍സാണ് ഈ കൂട്ടുകെട്ട് കേരളത്തിന് നല്‍കിയത്. വാഡിയരാജിന്റെ പന്തില്‍ ഗണേശ് പിടിച്ചാണ് സൊറാബിനെ മടക്കിയത്.
സൊറാബിനു ശേഷമെത്തിയ അജയ് കുടുവയും പ്രശാന്തിന് നല്ല പിന്തുണ നല്‍കി. 101 പന്തില്‍ നിന്ന് രഞ്ജിയില്‍ തന്റെ ആദ്യ സെഞ്ച്വറി നേടിയ പ്രശാന്ത് വന്‍സ്കോറിലേക്ക് പോകും എന്ന് തോന്നിയ സന്ദര്‍ഭത്തിലാണ് സംശയകരമായ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങിയത്.
പ്രശാന്തിന് പിന്നാലെയെത്തിയ സുനില്‍ ഒയാസിസ് ഫോമിലെത്താന്‍ കുറച്ചുസമയമെടുത്തു. കര്‍ണാടക ഫീല്‍ഡര്‍മാരുടെ പിഴവുകളാണ് സുനിലിനെ രണ്ടുവട്ടം രക്ഷിച്ചത്. ബാറ്റ്സ്മാന്‍മാര്‍ വെളിച്ചക്കുറവിനെ പറ്റി തുടര്‍ച്ചയായി പരാതിപ്പെട്ടെങ്കിലും കളി തുടരാന്‍ തന്നെയായിരുന്നു അമ്പയര്‍മാരുടെ ആദ്യതീരുമാനം. എന്നാല്‍ രണ്ടാം ദിവസത്തെ കളി തീരാന്‍ 16 ഓവര്‍ കൂടി ബാക്കിയുള്ളപ്പോള്‍ അമ്പയര്‍മാര്‍ സ്റമ്പെടുക്കാന്‍ തീരുമാനിച്ചു.
രണ്ടാം ദിവസം ഏഴിന് 231 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കര്‍ണാടകയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. അഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ അവശേഷിച്ച മൂന്ന് വിക്കറ്റുകളും നഷ്ടമായി.












Click it and Unblock the Notifications