കളി സമനിലയില്‍; പരമ്പര ഇന്ത്യക്ക്
നാഗ്പൂര്‍: ആന്റിഫ്ലവര്‍ ഒരിക്കല്‍ കൂടി സിംബാബ്വെ ബാറ്റിംഗ്നിരയെ ഒറ്റക്ക് താങ്ങിനിര്‍ത്തിയപ്പോള്‍ രണ്ടാം ടെസ്റ് സമനിലയില്‍ കലാശിച്ചു. പുറത്താവാതെ 232 റണ്‍സ് നേടിയ ആന്റിഫ്ലവറിന്റെ ഉജ്വല ബാറ്റിംഗിന്റെ മികവില്‍ കളി അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റിന് 503 റണ്‍സാണ് സിംബാബ്വെ എടുത്തത്.
രണ്ട് മത്സരങ്ങളുള്ള പരമ്പര 1-0ത്തിന് ഇന്ത്യ നേടി. ആന്റിഫ്ലവറാണ് മാന്‍ ഒഫ് മാച്ച്. രണ്ട് ടെസ്റുകളിലെ നാല് ഇന്നിംഗ്സുകളിലും ഗംഭീരമായ പ്രകടനം കാഴ്ചവെച്ച ആന്റിഫ്ലവര്‍ തന്നെയാണ് മാന്‍ ഒഫ് ദ സീരിസും.
11 റണ്‍സ് മാത്രം ലീഡുള്ള സിംബാബ്വെയുടെ അവശേഷിക്കുന്ന ഏഴ് വിക്കറ്റുകള്‍ പെട്ടെന്ന് വീഴ്ത്തി കളി ജയിക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകളാണ് ആന്റിഫ്ലവര്‍ തല്ലിക്കെടുത്തിയത്.
ക്രീസിലുണ്ടായിരുന്ന കാംപ്ബെല്ലും ആന്റിഫ്ലവറും സെഞ്ച്വറി തികച്ചതിനു ശേഷമേ നാലാം വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്കായുള്ളൂ. 32 റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തതിനു ശേഷമാണ് നാലാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ന്നത്. സഹീര്‍ഖാന്റെ പന്തില്‍ ജോഷി പിടിച്ച് പുറത്താകുമ്പോള്‍ കാംപ്ബെല്‍ 102 റണ്‍സെടുത്തിരുന്നു.
തുടര്‍ന്നുവന്നത് ആദ്യഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ ഗ്രാന്റ് ഫ്ലവറാണ്. 16 റണ്‍സെടുക്കുമ്പോഴേക്കും ഗ്രാന്റ് ഫ്ലവര്‍ ജോഷിക്കു മുന്നില്‍ മുട്ടുകുത്തിയപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ വീണ്ടും ഉണര്‍ന്നു.
പക്ഷേ തുടര്‍ന്നെത്തിയ വിലോജനും ആന്റിഫ്ലവറും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പഴുതുകള്‍ നല്‍കാതെ ബാറ്റ് ചെയ്തപ്പോള്‍ കളി സമനിലയിലേക്ക് നീങ്ങുകയാണെന്ന് ഉറപ്പായി. ആറാം വിക്കറ്റ് സഖ്യം 113 റണ്‍സാണ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. 38 റണ്‍സെടുത്ത വിലോജന്‍ പുറത്താകുമ്പോള്‍ സിംബാബ്വെ 405 റണ്‍സ് തികച്ചിരുന്നു.
പിന്നീടെത്തിയ സ്ട്രീക്ക് ആന്റിഫ്ലവറിനൊപ്പം പുറത്താവാതെ നിന്ന് ബാറ്റ് ചെയ്തു. കളി അവസാനിക്കുമ്പോള്‍ സ്ട്രീക്ക് 29 റണ്‍സെടുത്തിരുന്നു.












Click it and Unblock the Notifications