അസ്ഹറുദ്ദീന്റെ ശിക്ഷ കുറഞ്ഞുപോയി: ബോര്‍ഡര്‍
സിഡ്നി: സ്വന്തം രാജ്യത്തെയും ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികളെയും വഞ്ചിച്ച മുഹമ്മദ് അസ്ഹറുദ്ദീന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നല്കിയ ശിക്ഷ കുറഞ്ഞുപോയി എന്ന് മുന്‍ ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍ പറഞ്ഞു.
മറ്റേതെങ്കിലും രംഗത്താണ് അദ്ദേഹം ഇത്തരമൊരു കുറ്റം ചെയ്തതെങ്കില്‍ ജയിലിലടയ്ക്കപ്പെടുമായിരുന്നുവെന്ന് ബോര്‍ഡര്‍ ചൂണ്ടിക്കാട്ടി. വാതുവെപ്പു കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ബിസിസിഐ അസ്ഹറിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ടെസ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാന്‍ കൂടിയായ ബോര്‍ഡര്‍.
അസ്ഹറുദ്ദീന്‍ കുറ്റക്കാരനാണെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐ കണ്ടെത്തിയിട്ടും അദ്ദേഹം ജയിലിലാകാത്തത് ഭാഗ്യം കൊണ്ടാണെന്ന് എബിസി റേഡിയോക്ക് നല്കിയ അഭിമുഖത്തില്‍ ബോര്‍ഡര്‍ പറഞ്ഞു.
തനിക്കു വ്യക്തിപരമായി അസ്ഹറുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് ബോര്‍ഡര്‍ വ്യക്തമാക്കി. ക്രിക്കറ്റ് രംഗത്തു നിന്ന് വിടപറഞ്ഞ ഒരാളെ പുറത്താക്കിയതു കൊണ്ട് ഭാവിയില്‍ ക്രിക്കറ്റിനു പ്രയോജനമൊന്നുമുണ്ടാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications