നിഖില്‍ ചോപ്ര, എസ്.എസ്. ദാസ് പുറത്ത്
ജോഡ്പൂര്: സിംബാബ്വെക്കെതിരായ നാലും അഞ്ചും ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് നിഖില്‍ ചോപ്രയെയും ശിവ് സുന്ദര്‍ ദാസിനെയും ഒഴിവാക്കി. ഡിസംബര്‍ 11 തിങ്കളാഴ്ച കാണ്‍പൂരിലും 14 വ്യാഴാഴ്ച രാജ്കോട്ടിലുമാണ് നാലും അഞ്ചും ഏകദിനമത്സരങ്ങള്‍.
ദില്ലിയുടെ മധ്യനിര ബാറ്റ്സ്മാനും ഓഫ് സ്പിന്നറുമായ വീരേന്ദര്‍ സേഹ്വാഗാണ് ദാസിനു പകരം ടീമിലെത്തുക. ചോപ്രയ്ക്കു പകരം ആശിഷ് കപൂറും. സെലക്ഷന് കമ്മിറ്റി ചെയര്മാന് ചന്ദു ബോര്ഡെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ കുറെ മത്സരങ്ങളിലായി ഫോമിലല്ലാതിരുന്ന യുവ്രാജിന്റെ കാര്യം ചര്‍ച്ച ചെയ്തെന്ന് ബോര്‍ഡെ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ടീമില്‍ നിന്ന് തഴഞ്ഞാല്‍ യുവ്രാജിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുമെന്ന് തോന്നി. കൂടാതെ യുവ്രാജ് നല്ല പ്രതിഭയുള്ളകളിക്കാരനുമാണ് - ബോര്‍ഡെ വ്യക്തമാക്കി.
ടീം: സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), സച്ചിന് ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, യുവ്രാജ് സിംഹ്, ഹേമാംഗ് ബദാനി, എസ്. ശ്രീറാം, റിതീന്ദര്‍ സിംഹ് സോധി, വിജയ് ദാഹിയ, വീരേന്ദര്‍ സേഹ്വാഗ്, സുനില്‍ ജോഷി, സഹീര്‍ ഖാന്, അജിത് അഗാര്‍ക്കര്‍, വെങ്കടേഷ് പ്രസാദ്, ആശിഷ് കപൂര്‍.