ഗാംഗുലിക്ക് 5 വിക്കറ്റ്; സിംബാബ്വെ 165ന് പുറത്ത്
കാണ്‍പൂര്‍: ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും അജിത് അഗാര്‍ക്കറും ആഞ്ഞടിച്ചതോടെ നാലാം ഏകദിന മത്സരത്തില്‍ സിംബാബ്വെ 165 റണ്‍സിന് പുറത്ത്. ഗാംഗുലി 10 ഓവറില്‍ 35 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തപ്പോള്‍ അഗാര്‍ക്കര്‍ 9.4 ഓവറില്‍ 25 റണ്‍സിന് നാലു വിക്കറ്റുകള്‍ പിഴുതു. ഒരാള്‍ റണ്ണൗട്ടാവുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗാരംഭിച്ച സിംബാബ്വെക്ക് തുടക്കം മോശമായിരുന്നില്ല. ഓപ്പണര്‍മാരായ അലിസ്റര്‍ കാംബെലും മഡോണ്ടയുടെ ചേര്‍ന്ന് 60 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി. ആദ്യ ചേഞ്ച് ബൗളറായെത്തിയ അഗാര്‍ക്കറാണ് സിംബാബ്വെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. 34 റണ്‍സെടുത്ത കാംബെലിന്റെ കുറ്റി പിഴുതായിരുന്നു അഗാര്‍ക്കര്‍ തുടങ്ങിയത്. വൈകാതെ മഡോണ്ടയെ (32) അഗാര്‍ക്കര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി.
തുടര്‍ന്ന് ഷെര്‍വിന്‍ കാര്‍ലൈലും (20) ആന്‍ഡി ഫ്ലവറും (19) ഗ്രാന്റ് ഫ്ലവറും (6) ഹീത്ത് സ്ട്രീക്കും (3) ഗാംഗുലിക്ക് ഇരയായി. ഗ്രാന്റ് ഫ്ലവറിനെയും കാര്‍ലൈനിനെയും ഗാംഗുലി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ആന്‍ഡി അഗാര്‍ക്കറിനും സ്ട്രീക്ക് വിക്കറ്റ് കീപ്പര്‍ വിജയ് ദാഹിയക്കും പിടികൊടുത്തു.
സിംബാബ്വെ വൈസ് ക്യാപ്റ്റന്‍ ഗേ വിറ്റാള്‍ (13) ചെറുത്തുനില്പിന്റെ സൂചനകള്‍ കാണിച്ചെങ്കിലും ദാഹിയയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായി. പിന്നീടെത്തിയ മുലേലെക്കി എന്‍കാലയ്ക്കും (4) ട്രാവിയന്‍ ഫ്രണ്ടിനും (6) ഹെന്‍റി ഒലോംഗയ്ക്കും (2) കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. സുനില്‍ ജോഷി, യുവ്രാജ് സിംഹ്, റിതീന്ദര്‍ സിംഹ് സോധി എന്നിവര്‍ക്കു പകരം ആശിഷ് കപൂര്‍, വിരേന്ദര്‍ ഷെവാഗ്, എസ്. ശ്രീറാം എന്നിവര്‍ ടീമിലെത്തി. സിംബാബ്വെക്കുവേണ്ടി ഗവിന്‍ റെനിക്കു പകരം മഡോണ്ടയാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്.












Click it and Unblock the Notifications