ഇന്ത്യയ്ക്ക് ജയം, പരമ്പര
കാണ്‍പൂര്‍: നാലാം ഏകദിനമത്സരത്തില്‍ സിംബാബ്വെയെ ഒമ്പതു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ അഞ്ചു മത്സരങ്ങളുടെ പരമ്പര നേടി. ഇപ്പോള്‍ ഇന്ത്യയ്ക്ക് പരമ്പരയില്‍ 3-1ന്റെ അഭേദ്യമായ ലീഡ് ആയി. അഞ്ചാം മത്സരം ഡിസംബര്‍ 14 വ്യാഴാഴ്ച രാജ്കോട്ടില്‍ നടക്കും.
സിംബാബ്വെയുടെ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തുകയും പുറത്താകാതെ 73 റണ്‍സെടുക്കുകയും ചെയ്ത ഗാംഗുലി തന്നെയാണ് കളിയിലെ കേമന്‍.
ആദ്യം ബാറ്റു ചെയ്ത സിംബാബ്വെയെ 165 റണ്‍സില്‍ ഒതുക്കിയ ഇന്ത്യയ്ക്ക് വിജയലക്ഷ്യം തീരെ ചെറിയതായിരുന്നു. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും ഒരിക്കല്‍ക്കൂടി തിളങ്ങിയതോടെ 25 ഓവറില്‍ ഇന്ത്യക്ക് വിജയം കരഗതമായി.
62 റണ്‍സെടുത്ത സച്ചിനാണ് പുറത്തായ ഏക ഇന്ത്യന്‍ ബാറ്റ്സ്മാന്‍. ട്രാവിയന്‍ ഫ്രണ്ടിന്റെ പന്തില്‍ സച്ചിന്‍ വിക്കറ്റിനുമുന്നില്‍ കുടുങ്ങുകയായിരുന്നു. കളി അവസാനിക്കുമ്പോള്‍ ഒരു റണ്ണെടുത്ത ശ്രീറാമായിരുന്നു ഗാംഗുലിക്ക് കൂട്ട്.












Click it and Unblock the Notifications