ക്രിക്കറ്റ്: ഇന്ത്യ പിന്മാറിയത് പാകിസ്ഥാന്‍ കാരണമല്ല
ദുബായ്: മലേഷ്യയില്‍ നടക്കാനിരുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യ പിന്മാറിയത് പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതുകൊണ്ടല്ലെന്ന് ബിസിസിഐ. മറിച്ച് ഇന്ത്യന്‍ ടീമിന്റെ തിരക്കു പിടിച്ച പര്യടനപരിപാടികളാണ് ടൂര്‍ണമെന്റില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ നിര്‍ബന്ധിതമാക്കിയതെന്ന് ബിസിസിഐ സെക്രട്ടറി ജയ്വന്ത് ലെലെ പറഞ്ഞു.
ജനവരി അവസാനം നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമിന് കഴിയുമോ എന്ന് മലേഷ്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ആരാഞ്ഞപ്പോള്‍തന്നെ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മറുപടി അയച്ചതായി അദ്ദേഹം വ്യക്തമാക്കി.
ടൂര്‍ണമെന്റിനു ക്ഷണത്തില്‍ പാകിസ്ഥാന്‍ എതിരാളികളാകുമെന്നൊന്നും പറഞ്ഞിരുന്നില്ല. ബംഗ്ലാദേശായിരിക്കും ഒരു എതിരാളി എന്നു കത്തില്‍ ഉണ്ടായിരുന്നു - ലെലെ പറഞ്ഞു.
ലെലെയുടെ പ്രസ്താവനയെ മലേഷ്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് തുങ്കു ഇമ്രാന്‍ ശരിവെച്ചു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്ക് പ്രത്യേകം ക്ഷണക്കത്തുകളാണ് അയച്ചത്. ഇത് സ്വീകരിക്കുന്നതും സ്വീകരിക്കാതിരിക്കുന്നതും അതാതു രാജ്യങ്ങളുടെ താല്പര്യമാണ്. രാജ്യത്ത് ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം - തുങ്കു പറഞ്ഞു.
എന്നാല്‍ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതുകൊണ്ടാണ് ഇന്ത്യ പിന്മാറിയതെന്ന് ഒരു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭാരവാഹി പറഞ്ഞതായി കറാച്ചിയില്‍ നിന്ന് റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications