ഷാര്‍ജ കപ്പ് മാറ്റി
ദുബായ്: ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയും പങ്കെടുക്കുന്ന ഷാര്‍ജ കപ്പ് മാറ്റി. ഇന്ത്യയുടെ സൗകര്യം മാനിച്ചാണ് ടൂര്‍ണമെന്റിന്റെ സമയത്തില്‍ മാറ്റം വരുത്തിയത്. പുതുക്കിയ സമയ പ്രകാരം ഏപ്രില്‍ നാലു മുതല്‍ 14 വരെ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് ഇനി എട്ടു മുതല്‍ 20 വരെ നടക്കും.
ഫിബ്രവരി മുതല്‍ ഏപ്രില്‍ വരെ നീളുന്ന ആസ്ത്രേലിയയുടെ ഇന്ത്യന്‍ പര്യടനം കാരണം ടീമിന് ടൂര്‍ണമെന്റിന് എത്തിച്ചേരാന്‍ ബുദ്ധിമുട്ടാകുമെന്ന് നേരത്തെ ബിസിസിഐ ഷാര്‍ജ കപ്പ് സംഘാടകരെ അറിയിച്ചിരുന്നു. ടൂര്‍ണമെന്റിന്റെ സമയമാറ്റത്തെക്കുറിച്ച് പാകിസ്ഥാനെയും ശ്രീലങ്കയെയും അറിയിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
എന്നാല്‍ പാകിസ്ഥാനും ശ്രീലങ്കയും ഈ മാറ്റത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇരു ടീമുകള്‍ക്കും ഈ സമയത്ത് മറ്റു അന്താരാഷ്ട്ര മത്സരങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടാകില്ലെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ഷാര്‍ജാ കപ്പില്‍ പങ്കെടുക്കാന്‍ ബിസിസിഐക്ക് അതിയായ താല്പര്യമുണ്ടെന്നാണ് ടൂര്‍ണമെന്റിന്റെ സമയമാറ്റം സൂചിപ്പിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ പങ്കെടുക്കുന്ന മത്സരമായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ടീമിന് അനുമതി നിഷേധിക്കുമോ എന്നത് ഇനിയും വ്യക്തമായിട്ടില്ല. ഈയിടെ മലേഷ്യയില്‍ പാകിസ്ഥാനും ഇന്ത്യയും ഉള്‍പ്പെടുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ ടീമിന് അനുമതി നല്‍കിയിരുന്നില്ല.












Click it and Unblock the Notifications