ക്രിക്കറ്റ് പന്തയക്കാരന്‍ സഞ്ജീവ് ചാവ്ല അറസ്റ്റില്‍
ലണ്ടന്‍: ക്രിക്കറ്റ് പന്തയക്കാരന്‍ സഞ്ജീവ് ചാവ്ല അറസ്റ്റിലായി. ലണ്ടനില്‍ വച്ച് അവിടുത്തെ മെട്രോപൊളിറ്റന്‍ പൊലീസ്സേനയായ സ്കോട്ട്ലണ്ട് യാര്‍ഡാണ് ഇയാളെ പിടികൂടിയത് . 2000 ഡിസംബര്‍ 13 നായിരുന്നു ഇയാള്‍ സ്കോട്ലണ്ട് യാര്‍ഡിന്റെ പിടിയിലായത്. വടക്കന്‍ ലണ്ടനിലെ സ്വന്തം വീട്ടില്‍ നിന്ന് സ്കോട്ട്ലണ്ട് യാര്‍ഡ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ടത് സഞ്ജീവ് ചാവ്ല തന്നെയാണെന്ന് 2001 ജനവരി 14 നാണ് സ്കോട്ലണ്ട് യാര്‍ഡ് സ്ഥിരീകരിച്ചത്. അറസ്റ്റിനു ശേഷം ജനവരി 31ന് ഹാജരാകണമെന്ന വ്യവസ്ഥയില്‍ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുകയാണ്.
ക്രിക്കറ്റ് പന്തയവിവാദത്തില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ട പന്തയക്കാരനാണ് സഞ്ജീവ് ചാവ്ല. 2000 ഏപ്രിലില്‍ ഇയാളും മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യേയുമായി നടന്ന ടെലിഫോണ്‍ സംഭാഷണം ദില്ലി പൊലീസ് ചോര്‍ത്തിയതോടെയാണ് സംഭവബഹുലമായ ക്രിക്കറ്റ് കോഴ വിവാദത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറംലോകമറിയുന്നത്.
അന്നു മുതല്‍ സഞ്ജീവ് ചാവ്ലയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു വരികയായിരുന്നു. എന്നാല്‍ ടെലിഫോണ്‍ സംഭാഷണം ചോര്‍ന്നതിനെത്തുടര്‍ന്ന് ഇയാള്‍ പിടികൊടുക്കാതെ മുങ്ങിയിരിക്കുകയായിരുന്നു. ദില്ലി പൊലീസിന്റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് കോഴവിവാദത്തെക്കുറിച്ചന്വേഷണം നടത്തിയ സി ബി ഐ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും പുറത്തു കൊണ്ടുവന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അടക്കം പല ലോകോത്തര കളിക്കാരും കോഴക്കളികളില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞു.
സ്കോട്ലണ്ട് യാര്‍ഡ് അറസ്റ്റ് ചെയ്ത സഞ്ജീവ് ചാവ്ലയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയതായാണ് അറിയുന്നത്. ഇയാളോടൊപ്പം പന്തയങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ പന്തയക്കാരായ അഷീം ഖേത്രപാല്‍, ജഗദീഷ് സോധ തുടങ്ങിയവരെപ്പറ്റി അന്വേഷണ ഏജന്‍സി വിവരങ്ങള്‍ ശേഖരിച്ചതായി ലണ്ടനിലെ ദ ഒബ്സര്‍വര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്കായി സ്കോട്ട്ലണ്ട് യാര്‍ഡ് ഹാന്‍സി ക്രോണ്യേയുമായി ബന്ധപ്പെടുമെന്ന് അന്വേഷണ ഏജന്‍സിയുടെ വക്താവ് വെളിപ്പെടുത്തി. പന്തയ ഏര്‍പ്പാടുകളുടെ സാക്ഷി എന്ന നിലയില്‍ ക്രോണ്യേയുടെ വെളിപ്പെടുത്തലുകള്‍ അന്വേഷണത്തെ ഏറെ സഹായിക്കുമെന്നാണ് സ്കോട്ട്ലണ്ട് യാര്‍ഡിന്റെ നിഗമനം.












Click it and Unblock the Notifications