ആനന്ദിന് ആദ്യജയം
നെതര്‍ലാന്റ്സ്:ചെസ്സിലെ വമ്പന്മാര്‍ മാറ്റുരയ്ക്കുന്ന കോറസ്് ചെസ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് ആദ്യജയം.
ജനവരി 14 ഞായറാഴ്ച നടന്ന രണ്ടാം റൗണ്ടിലാണ് ആനന്ദ് ഗ്രാന്റ് മാസ്റര്‍ സെര്‍ജി ടിവിയാക്കോവിനെതിരെ വിജയംനേടിയത്.തന്റെ സ്വതസിദ്ധമായ ശൈലിയായ സിസിലിയന്‍ ഡ്രാഗണ്‍ ഓപ്പണിംഗാണ് കറുത്ത കരുക്കള്‍കൊണ്ട് കളിച്ച ടിവിയാക്കോവ് ആനന്ദിനെതിരെ പുറത്തെടുത്തത്.
എന്നാല്‍ പരിചയസമ്പന്നനായ ആനന്ദ് അതിനെ ശക്തമായി നേരിട്ടു.രാജാവിനെ സുരക്ഷിതമായ സ്ഥാനത്തെത്തിച്ചശേഷമാണ് ആനന്ദ് പ്രത്യാക്രമണം തുടങ്ങിയത്.ഒടുവില്‍ രാജ്ഞിയും തേരും മാത്രം അവശേഷിച്ച ഗെയിമില്‍ ആനന്ദ് ശക്തമായി ആക്രമണം അഴിച്ചുവിട്ടു.
ഒരു ഘട്ടത്തില്‍ വളരെ വിലകൊടുത്താണ് ടി വിയാക്കോവിന്റെ അപകടകാരിയായ ആനയെ ആനന്ദ് വെട്ടിമാറ്റിയത്.പക്ഷെ ഒടുവില്‍ ഗെയിം ആനന്ദിന്റെ വരുതിക്ക് വന്നു.ഈ വിജയത്തോടെ ആനന്ദിന് 1.5 പോയിന്റായി.നേരത്തെ മൈക്കല്‍ ആഡംസുമായി നടന്ന ആദ്യഗെയിമില്‍ ആനന്ദിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.
ലോകചെസ്സിലെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പായി കരുതുന്ന കോറസ് ടൂര്‍ണ്ണമെന്റ് രണ്ടാം റൗണ്ട് പിന്നിട്ടപ്പോള്‍ ഗാരി കാസ്പറോവ് രണ്ടുകളികളിലും വിജയംനേടി രണ്ടുപോയിന്റോടെ മുന്നിലാണ്.
ജനവരി 14ഞായറാഴ്ച നടന്ന മത്സരത്തില്‍ ഗാരികാസ്പറോവ് അലക്സി ഫെഡൊറോവിനെ തോല്പിച്ചു.ആദ്യഗെയിമില്‍ ടിവിയാക്കോവിനെതിരെയും കാസ്പറോവ് വിജയം നേടിയിരുന്നു.
ടൂര്‍ണ്ണമെന്റില്‍ കിരീട സാധ്യത കല്പിക്കുന്ന മറ്റൊരു കളിക്കാരനായ വ്ലാഡിമിര്‍ ക്രാംനിക്ക് ഒരു ജയവും ഒരു സമനിലയുമായി ഒന്നരപോയിന്റോടെ ആനന്ദിനോടൊപ്പമുണ്ട്.മൈക്കല്‍ ആഡംസ് രണ്ടുസമനിലയടക്കം ഒരു പോയിന്റ് നേടി.
ജനവരി 16 ചൊവാഴ്ച കോറസ് ടൂര്‍ണ്ണമെന്റിന്റെ മൂന്നാം റൗണ്ട് നടക്കും.ലോകം കാത്തിരിക്കുന്ന കാസ്പറോവ്-ആനന്ദ് മത്സരമാണ് മൂന്നാം റൗണ്ടിന്റെ പ്രത്യേകത.












Click it and Unblock the Notifications