യുഗോസ്ലാവിയ ബംഗ്ലാദേശിനെ തകര്‍ത്തു(4-1)
കൊച്ചി: ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബംഗ്ലാദേശിനെ തകര്‍ത്ത് യുഗോസ്ലാവിയ സഹാരാ കപ്പില്‍ ഒന്നാം ഗ്രൂപ്പ് ജേതാക്കളായി.
ജനവരി 20ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മൂന്നാം ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ റുമേനിയയുമായി യുഗോസ്ലാവിയ ഏറ്റുമുട്ടും.ജനവരി 18 വ്യാഴാഴ്ച കൊച്ചിയില്‍ നടക്കുന്ന സഹാരാ കപ്പ് ടൂര്‍ണ്ണമെന്റിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നാം ഗ്രൂപ്പ് ജേതാക്കളായ ഉറുഗ്വെയെ നേരിടാനുള്ള നിയോഗം രണ്ടാം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ ബോസ്നിയക്കാണ്.
പതിവുപോലെ ദൗര്‍ബല്യങ്ങളും പഴകിയ തന്ത്രങ്ങളും മാത്രം കൈമുതലായാണ് ബംഗ്ലാദേശ് യുഗോസ്ലാവിയയെ നേരിടാനിറങ്ങിയത്.പക്ഷെ കളി തുടങ്ങി നാലാം മിനിറ്റില്‍ ബംഗ്ലാദേശ് വല ചലിപ്പിച്ചപ്പോള്‍ ജവഹര്‍ലാല്‍ നെഹ്രു സ്റേഡിയം ത്രസിച്ചു.ഒരു ഗോളുപോലുമടിയ്ക്കാതെ ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായ ഇന്ത്യയെ മറന്ന് കാണികള്‍ ബംഗ്ലാ കുട്ടികള്‍ക്ക് ജയ്വിളിച്ചു.
യൂറോപ്യന്‍ ഫുട് ബോളിന്റെ കരുത്തിന് മുമ്പില്‍ നഷ്ടപ്പെടാനൊന്നുമില്ലെന്ന തിരിച്ചറിവുമായി രണ്ടും കല്പിച്ച് പൊരുതുകയായിരുന്നു ബംഗ്ലാദേശ്.ബംഗ്ലാദേശിന്റെ ഫിറോസില്‍ നിന്നും ആദ്യ ഗോള്‍ വീണപ്പോള്‍ യുഗോസ്ലാവിയ ആക്രമണത്തിന്റെ കെട്ടഴിച്ചു.17-ാം മിനിറ്റില്‍ അതിന്റെ ഫലം കണ്ടു.യുഗോസ്ലാവിയന്‍ ക്യാപ്റ്റന്‍ സാസയായിരുന്നു ബംഗ്ലാ വല കുലുക്കിയത്.
പിന്നീട് ബംഗ്ലാദേശിന്റെ സാസ ഇല്ലിച്ചും വ്ലാദിമിര്‍ ഇവിക്കും മിലാന്‍ ബെലിച്ചും ബംഗ്ലാ മുഖത്തേയ്ക്ക് തുടരെ തുടരെ പടനയിച്ചു.36-ാം മിനിറ്റില്‍ സാസ വീണ്ടും വെടിയുതിര്‍ത്തു.അടുത്ത ഗോളും സാസയുടെ വകയായിരുന്നു. കൂട്ട പ്രതിരോധത്തില്‍ വിശ്വാസമര്‍പ്പിച്ച ബംഗ്ലാദേശിന് ബുദ്ധിപരമായ നീക്കത്തിലൂടെയായിരുന്നു അടുത്ത പ്രഹരം.പന്തുമായി ബോക്സിലെത്തിയ വ്ലാദിമിര്‍ ഇവിച്ച് പ്രതിരോധക്കൂട്ടത്തെ മുന്നില്‍ കണ്ട് നല്കിയ മൈനസ് പാസില്‍ ഗോരാന്‍ വെടിയുതിര്‍ത്തപ്പോള്‍ ബംഗ്ലാദേശ് ഗോളി അമിനുള്‍ ഹഖ് ഒരിക്കല്‍ കൂടി നിസഹായനായിരുന്നു(4-1).












Click it and Unblock the Notifications