നഷ്ടക്കച്ചവടമായി മാറിയ സഹാരാ കപ്പ്
കൊച്ചി: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും പ്രമുഖ ഇവന്റ് മാനേജര്‍മാരായ സ്റുഡിയോ 2100ഉം സംയുക്തമായി ഏറെ കൊട്ടിഘോഷിച്ച് സംഘടിപ്പിച്ച സഹാരാ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കാണികള്‍ക്കും ടീമുകള്‍ക്കും സംഘാടകര്‍ക്കും വേണ്ടാതായിപ്പോയി.
ഏതു കളിയെയും മനസ്സു തുറന്ന് സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുള്ള കേരളത്തില്‍ പോലും ടൂര്‍ണമെന്റിന് വേദിയുണ്ടായിരുന്നു. എന്നാല്‍ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റേഡിയത്തില്‍ നടന്ന എട്ടു കളികളിലും ഒന്നിനും 5,000ത്തിലധികം കാണികളുണ്ടായിരുന്നില്ല. എഫ്സി കൊച്ചിന്റെ ഒരു സാധാരണ മത്സരത്തിനു പോലും 35,000ത്തിലധികം കാണികളുണ്ടാകുന്ന സ്റേഡിയത്തിലാണ് ഈ അവസ്ഥ എന്നോര്‍ക്കണം.
ടിക്കറ്റ് നിരക്ക് പകുതിയോളം കുറച്ചിട്ടും കാണികളെത്തിയില്ല. ഇന്ത്യയുടെ കളി നടക്കുമ്പോള്‍ പോലും ഗ്യാലറികള്‍ ഒഴിഞ്ഞുകിടന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരമൊരനുഭവം ഇതാദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേരളത്തിലെ മത്സരങ്ങള്‍ക്ക് വേണ്ടവിധം പ്രചാരണം നല്‍കാതിരുന്നതും ടൂര്‍ണമെന്റിന് വിനയായി. അന്താരാഷ്ട്ര ഫുട്ബോള്‍ നടക്കുന്നതിന്റെ തരംഗമൊന്നും കൊച്ചിയിലുണ്ടായിരുന്നില്ല. ഉയര്‍ന്ന ടിക്കറ്റ് നിരക്കുകള്‍, ടിക്കറ്റ് ലഭ്യമാക്കുന്നതിലുണ്ടായ താമസം, സീസണ്‍ ടിക്കറ്റിന്റെ അഭാവം, മത്സരസമയത്തിലെ മാറ്റം തുടങ്ങിയവയെല്ലാം കാണികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു.
ടൂര്‍ണമെന്റിനെ കുറിച്ച് കൊച്ചി നഗരത്തില്‍ മാത്രമാണ് പേരിനെങ്കിലും പോസ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഫുട്ബോള്‍ ആരാധകരുള്ള തൃശര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ടിക്കറ്റ് കൗണ്ടറുകള്‍ പോലും തുറന്നില്ല. സംഘാടകരുടെ പിഴവുകള്‍ ഇങ്ങനെ നീളുന്നു.
കളി നടന്ന കൊല്‍ക്കത്തയിലും ഗോവയിലെയും അവസ്ഥ ഭിന്നമല്ല. ഇന്ത്യയില്‍ എണ്ണം പറഞ്ഞ ഫുട്ബോള്‍ ക്ലബുകള്‍ ജനിച്ച കൊല്‍ക്കത്തയിലെയും ഗോവയിലെയും സ്റേഡിയങ്ങളിലും ഗാലറകള്‍ ശുഷ്കമായിത്തന്നെ കിടന്നു.
പ്രമുഖ ടീമുകള്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത് ആദ്യമേ ഫുട്ബോള്‍ പ്രേമികള്‍ക്ക് രസംകൊല്ലിയായിരുന്നു. ഇറാഖും കൊളംബിയയും കാമറൂണും ടൂര്‍ണമെന്റില്‍ നിന്നും അവസാന നിമിഷം പിന്മാറിയപ്പോള്‍ വിദേശ കളിക്കാരുമായി വന്ന ഇന്തോനേഷ്യക്ക് കളിക്കാന്‍ അവസരം നല്‍കിയതുമില്ല. ഇതിനു പുറമെയാണ് ടീമുകളുടെ നിലവാരക്കുറവ്. ഇന്ത്യയുടേത് ഒഴിച്ച് മറ്റൊരു രാജ്യത്തിന്റെയും ദേശീയ ടീമുകള്‍ ടൂര്‍ണമെന്റിനെത്തിയിരുന്നില്ല. പകരം ബി ടീമുകളെയാണ് അയച്ചത്. ഇതും കാണികളുടെ താല്പര്യം ഇടിയുന്നതിന് കാരണമായി.
ഒട്ടേറെ പാകപ്പിഴകളുണ്ടെങ്കിലും ടൂര്‍ണമെന്റ് മികച്ച രീതിയില്‍ നടത്താനായി എന്നാണ് സ്റുഡിയോ 2100 ഭാരവാഹികള്‍ പറയുന്നത്. അവസാന നിമിഷം ചില ടീമുകള്‍ പിന്മാറിയത് തിരിച്ചടിയായി. പ്രത്യേകിച്ച് കാമറൂണും കൊളംബിയയും ഇറാഖും. ഇത് ഫുട്ബോള്‍ ആസ്വാദകരെ നിരാശരാക്കി. എന്നാലും വമ്പന്‍ ടീമുകളെ ഉള്‍പ്പെടുത്തി ടൂര്‍ണമെന്റ് നടത്താനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞു - സ്റുഡിയോ 2100ന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹെന്ന ജുനേജ് പറഞ്ഞു.
ഇന്ത്യയെയും ബംഗ്ലാദേശിനെയും മറ്റേതെങ്കിലുമൊരു വിദേശ ടീമിനെയും ഉള്‍പ്പെടുത്തി സ്റുഡിയോ 2100ന്റെ ആഭിമുഖ്യത്തില്‍ താമസിയാതെ ഒരു ത്രിരാഷ്ട്ര ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്നും ജുനേജ വ്യക്തമാക്കി.












Click it and Unblock the Notifications