ആനന്ദിന് വീണ്ടും സമനില
വിക് ആന്‍സി: ഹോളണ്ടില്‍ നടക്കുന്ന അന്താരാഷ്ട്ര കോറസ് ചെസ് ടൂര്‍ണ്ണമെന്റില്‍ ആനന്ദിന് വീണ്ടും സമനില.
പതിവുപോലെ വിജയിക്കാവുന്ന അവസരമാണ് ഇക്കുറിയും ആനന്ദ് പാഴാക്കിയതെന്ന് വിദഗ്ധര്‍ പറയുന്നു.ഇക്കുറി പീറ്റര്‍ ലീക്കോയുമായാണ് ആനന്ദ് സമനില വഴങ്ങിയത്.ആദ്യത്തെ 29 നീക്കങ്ങള്‍ വരെ ആനന്ദായിരുന്നു മുന്നില്‍ .
പിന്നീട് ലീക്കോ സമനിലയ്ക്ക് പറ്റിയ അവസരം ഉണ്ടാക്കുകയായിരുന്നു.ഒടുവില്‍ 34 ാം നീക്കത്തില്‍ ഇരുവരും സമനില സമ്മതിച്ചു.ഈ ടൂര്‍ണ്ണമെന്റിലെ ആനന്ദിന്റെ എട്ടാമത്തെ സമനിലയാണിത്.
നേരത്തെ കാസ്പറോവ്,ക്രാംനിക്,ഇവാഞ്ചുക്,ഫെഡൊറൊവ്,മൈക്കേല്‍ ആഡംസ്,മൊറോസൊവിച്ച്,ടൊപൊലോവ് എന്നിവര്‍ക്കേതിരെയും ആനന്ദിന് സമനിലയായിരുന്നു. ഒരൊറ്റ കളിയില്‍ മാത്രമേ ആനന്ദ് വിജയം നേടിയുള്ളൂ.ടിവിയാക്കോവിനെതിരെ മാത്രം.
ഇപ്പോള്‍ ടൂര്‍ണ്ണമെന്റില്‍ 6.5 പോയിന്റോടെ റഷ്യയുടെ ഗാരി കാസ്പറോവും അലക്സി ഷിറോവും മുന്നിട്ടു നില്ക്കുകയാണ്.5.5 പോയിന്റുകള്‍ വീതം നേടി വ്ലാഡിമില്‍ ക്രാംനിക്കും അലക്സാണ്ടര്‍ മൊറോസെവിച്ചും രണ്ടാം സ്ഥാനത്തുണ്ട്.
ആനന്ദും,മൈക്കേല്‍ ആഡംസും വാസിലി ഇവാഞ്ചുക്കും അഞ്ചു വീതം പോയിന്റുകളോടെ മൂന്നാം സ്ഥാനത്താണ്.ഇനി നാലു റൗണ്ടുകള്‍ കൂടി ബാക്കിയുണ്ട്.ആനന്ദിന് ഈ ടൂര്‍ണ്ണമെന്റില്‍ ഇനി ഒന്നാം സ്ഥാനക്കാരുടെ പട്ടികയിലെത്തണമെങ്കില്‍ എല്ലാ കളികളും ജയിച്ചേ തീരു.












Click it and Unblock the Notifications