അസ്ഹറിന്റെ പരാതി: 20ന് വീണ്ടും വാദം കേള്‍ക്കും
ഹൈദരാബാദ്: ബിസിസിഐക്കെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ നല്‍കിയ പരാതിയിന്മേല്‍ മാര്‍ച്ച് 20 ചൊവാഴ്ച കോടതി വാദം കേള്‍ക്കും. ക്രിക്കറ്റിലെ വാതുവെപ്പില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബിസിസിഐ ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെയാണ് അസ്ഹര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അസ്ഹറിന് വിലക്കേര്‍പ്പെടുത്തിയതിന്റെയും പ്രത്യേക അന്വേഷണ കമ്മീഷണര്‍ കെ. മാധവനെ നിയമിച്ചതിന്റെയും രേഖകള്‍ ഹാജരാക്കാന്‍ അസ്ഹറിന്റെ അഭിഭാഷകന്‍ കോടതി മുഖാന്തിരം അഭ്യര്‍ത്ഥിച്ചു. ഇതിനെത്തുടര്‍ന്ന് മാര്‍ച്ച് 20ന് ബിസിസിഐയോട് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈദരാബാദ് രണ്ടാം സിവില്‍ സെഷന്‍സ് ജഡ്ജി ജെ. ശാമസുന്ദര റാവു ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനാണ് അസ്ഹറിനെതിരെ ബിസിസിഐ വിലക്കേര്‍പ്പെടുത്തിയത്. ജനവരി 29ന് അദ്ദേഹം വിലക്കിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കി. പ്രത്യേക അന്വേഷണ കമ്മീഷണര്‍ കെ. മാധവന് ബിസിസിഐ പ്രസിഡണ്ട് എ.സി. മുത്തയ്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ നിയമനത്തെയും അസ്ഹര്‍ കോടതിയില്‍ ചോദ്യം ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് ഫിബ്രവരി 14ന് ബിസിസിഐയും മാധവനും എ.സി. മുത്തയ്യയും ഫിബ്രവരി 26നും കോടതിയില്‍ എതിര്‍സത്യവാങ്മൂലങ്ങള്‍ നല്‍കി.












Click it and Unblock the Notifications