മൂന്നാം ടെസ്റ് തുടങ്ങി; ആസ്ത്രേലിയ 1-ന് 30
ചെന്നൈ: ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ് ചെന്നൈയില്‍ മാര്‍ച്ച് 18 ഞായറാഴ്ച രാവിലെ തുടങ്ങി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആസ്ത്രേലിയക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. നാല് റണ്‍സെടുത്ത ഓപ്പണര്‍ മൈക്കല്‍ സ്ലേറ്ററിനെ സഹീര്‍ഖാന്റെ ആദ്യ ഓവറില്‍ തന്നെ ലക്ഷ്മണ്‍ പിടിച്ചു പുറത്താക്കി.
ഇരു ടീമുകളും മാറ്റങ്ങളോടെയാണ് മൂന്നാം ടെസ്റിനിറങ്ങിയിരിക്കുന്നത്. മൈക്കല്‍ കാസ്പറോവിച്ചിനു പകരം ആസ്ത്രേലിയന്‍ ടീമില്‍ കോളിന്‍ മില്ലര്‍ സ്ഥാനം പിടിച്ചു. മൂന്നു സ്പിന്നര്‍മാരും ഒരു പേസ് ബൗളറുമായാണ് ഇന്ത്യ മൈതാനത്തിലിറങ്ങിയത്. രണ്ടാം ടെസ്റില്‍ ഹാട്രിക്ക് നേടിയ ഹര്‍ഭന്‍ സിംഹിനൊപ്പം സായ്രാജ് ബഹുതുലെയും നീലേഷ് കുല്‍ക്കര്‍ണിയും ടീമിലുണ്ട്. നയന്‍ മോംഗിയക്കു പകരം സമീര്‍ ദീഗെയാണ് വിക്കറ്റ് കാക്കുന്നത്.
ഇരു ടീമുകളും ഓരോ ടെസ്റു വീതം ജയിച്ചതിനെ തുടര്‍ന്ന് ഈ ടെസ്റിന്റെ ഫലമായിരിക്കും പരമ്പര വിജയികളെ നിശ്ചയിക്കുക. മുംബൈയില്‍ നടന്ന ആദ്യ ടെസ്റില്‍ ആസ്ത്രേലിയ ഇന്ത്യയെ 10 വിക്കറ്റിന് തറ പറ്റിച്ചപ്പോള്‍ കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ടെസ്റില്‍ ഫോളോ ഓണ്‍ ചെയ്ത ഇന്ത്യ അവിശ്വസനീയ തിരിച്ചുവരവിലൂടെ പരമ്പര സമനിലയിലാക്കി.












Click it and Unblock the Notifications