ഹര്‍ഭജന്‍, റോബിന്‍സിംഹ് ഏകദിന ടീമില്‍
ചെന്നൈ: ഓഫ്സ്പിന്നര്‍ ഹര്‍ഭജന്‍ സിംഹും ഓള്‍റൗണ്ടര്‍ റോബിന്‍സിംഹും ആസ്ത്രേലിയക്കെതിരായ ഏകദിനപരമ്പരയ്ക്കുള്ള ടീമില്‍ സ്ഥാനം പിടിച്ചു. മാര്‍ച്ച് 25 ഞായറാഴ്ച ബാംഗ്ലൂരിലാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യമത്സരം.
ആസ്ത്രേലിയക്കെതിരെ നടക്കുന്ന ടെസ്റ് മത്സരങ്ങളില്‍ ഹര്‍ഭജന്‍ പുലര്‍ത്തുന്ന മികച്ച ഫോമാണ് അദ്ദേഹത്തെ ടീമിലേക്ക് പരിഗണിക്കാന്‍ സെലക്ടര്‍മാരെ നിര്‍ബന്ധിതരാക്കിയത്. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ടെസ്റില്‍ ഹാട്രിക്കുള്‍പ്പെടെ 13 വിക്കറ്റ് ഹര്‍ഭജന്‍ നേടിയിരുന്നു. കൊല്‍ക്കത്ത ടെസ്റില്‍ ഇരട്ട സെഞ്ച്വറി നേടി ഇന്ത്യയെ വിജയതീരത്തെത്തിച്ച വിവിഎസ് ലക്ഷ്മണും ടീമിലുണ്ട്.
റോബിന്‍സിംഹിന് ഇത് ഒരിടവേളക്കു ശേഷമുള്ള തിരിച്ചുവരവാണ്. കഴിഞ്ഞ വര്‍ഷം സിംബാബ്വെക്കെതിരെ നടന്ന ഏകദിനപരമ്പരയില്‍ ഈ ഇടംകൈയന്‍ ബാറ്റ്സ്മാനെ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഫാസ്റ് ബൗളര്‍ ജവഗല്‍ ശ്രീനാഥിനെയും ടീമിലുള്‍പ്പെടുത്തി. ദിനേശ് മോംഗിയയാണ് ടീമിലെ ഏക പുതുമുഖം. എന്നാല്‍ യുവ്രാജ് സിംഹിനെ ടീമിലുള്‍പ്പെടുത്തിയിട്ടില്ല.
ടീം: സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ്, ഹേമാംഗ് ബദാനി, റോബിന്‍ സിംഹ്, വിജയ് ദാഹിയ (വിക്കറ്റ് കീപ്പര്‍), അജിത് അഗാര്‍ക്കര്‍, ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഹ്, വീരേന്ദ്ര ഷെവാഗ്, ദിനേശ് മോംഗിയ.












Click it and Unblock the Notifications