ഇന്ത്യക്ക് ജയം, പരമ്പര
ചെന്നൈ: ഏകദിനക്രിക്കറ്റിനേക്കാളും നാടകീയത മുറ്റിനിന്ന മത്സരത്തില്‍ ആസ്ത്രേലിയയെ രണ്ടു വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ ടെസ്റ് പരമ്പര നേടി.
നാലു വിക്കറ്റെടുത്ത ഓഫ് സ്പിന്നര്‍ കോളിന്‍ മില്ലര്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയുടെ നിഴല്‍ പരത്തിയെങ്കിലും മനോധൈര്യം പുലര്‍ത്തിയ വി.വി.വിഎസ്. ലക്ഷ്മണിന്റെയും സമീര്‍ ദീഗെയും അവസരോചിത ബാറ്റിംഗ് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
സ്കോര്‍: ആസ്ത്രേലിയ: 391, 264. ഇന്ത്യ: 501, എട്ടു വിക്കറ്റിന് 155.
മാന്‍ ഓഫ് ദി മാച്ച്: ഹര്‍ഭജന്‍ സിംഹ്, മാത്യു ഹെയ്ഡന്‍
മാന്‍ ഓഫ് ദി സീരീസ് : ഹര്‍ഭജന്‍ സിംഹ്
മുംബൈയില്‍ നടന്ന ആദ്യടെസ്റ് ആസ്ത്രേലിയ ജയിച്ചപ്പോള്‍ കൊല്‍ക്കത്തയിലെ ടെസ്റ് ജയിച്ച് ഇന്ത്യ സമനില നേടി.
ചെന്നൈയിലെ ഇന്ത്യന്‍ജയത്തിന്റെ ക്രെഡിറ്റ് ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഹിനാണ്. രണ്ടിന്നിംഗ്സിലുമായി 15 വിക്കറ്റുകളാണ് ഹര്‍ഭജന്‍ വീഴ്ത്തിയത്. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ന്നടിഞ്ഞപ്പോള്‍ 66 റണ്‍സെടുത്ത് ഇന്നിംഗ്സിനെ തോളിലേറ്റിയത് വി.വി.എസ്. ലക്ഷ്മണാണ്.
155 റണ്‍സ് എന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാനാവാതെ പവലിയനിലേക്ക് മടങ്ങിക്കൊണ്ടിരുന്നപ്പോള്‍ ഒരറ്റത്ത് ഉറച്ചു നിന്ന ലക്ഷ്മണാണ് ഇന്ത്യന്‍ ജയം ഉറപ്പാക്കിയത്.
ഓപ്പണര്‍ ശിവ് സുന്ദര്‍ദാസിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. രണ്ട് ഫോറുകളടിച്ച് ഒന്നാം ഇന്നിംഗ്സിലെ ഫോമിന്റെ സൂചന നല്‍കിയ ദാസ് ഗ്ലെന്‍ മക്ഗ്രാത്തിന്റെ ഒരു ബൗണ്‍സറിലാണ് വീണത്. ബാറ്റില്‍ത്തട്ടി ഉയര്‍ന്ന പന്ത് മക്ഗ്രാത്ത് തന്നെ പിടിയിലൊതുക്കി.
രണ്ടാം വിക്കറ്റിനൊത്തു ചേര്‍ന്ന സദഗോപന്‍ രമേശും വി.വി.എസ്. ലക്ഷ്മണും ഇന്ത്യയെ എളുപ്പത്തില്‍ വിജയത്തിലേക്കെത്തിക്കുമെന്ന് തോന്നിച്ചു. ഇരുവരും നന്നായി കളിച്ചുവരുമ്പോഴാണ് രമേശ് റണ്ണൗട്ടായത്. 25 റണ്‍സായിരുന്നു രമേശിന്റെ സമ്പാദ്യം. രണ്ടാം വിക്കറ്റില്‍ ഇവര്‍ 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
മൂന്നാം വിക്കറ്റിന്റെ ലക്ഷ്മണ്‍-സച്ചിന്‍ കൂട്ടുകെട്ട് ഇന്ത്യയെ നൂറു കടത്തി. എന്നാല്‍ 17 റണ്‍സെടുത്ത ടെണ്ടുല്‍ക്കറിനെ ഗില്ലസ്പിയുടെ പന്തില്‍ മാര്‍ക്ക് വോ പിടികൂടിയതോടെ ഇന്ത്യന്‍ ബാറ്റിംഗിന്റെ താളം തെറ്റി. നാലു വീതം റണ്‍സുകളെടുത്ത ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും പെട്ടെന്നു തന്നെ പുറത്തായി. ഗില്ലസ്പിക്കും കോളിന്‍ മില്ലറിനുമായിരുന്നു വിക്കറ്റുകള്‍.
മികച്ച ഫോമിലായിരുന്ന ലക്ഷ്മണിന്റേതായിരുന്നു അടുത്ത ഊഴം. കോളിന്‍ മില്ലറുടെ പന്ത് ബൗണ്ടറിയിലേക്ക് പായിക്കാനുള്ള ശ്രമത്തിനിടയില്‍ മാര്‍ക്ക് വോയുടെ ഒരു ഉജ്വല ക്യാച്ചില്‍ ലക്ഷ്മണ്‍ പുറത്തായി. രണ്ടു പന്തുകള്‍ക്കുള്ളില്‍ സായ്രാജ് ബഹുതുലെയും ഗില്ലസ്പിക്കു കീഴടങ്ങി.
മൂന്നു വിക്കറ്റു ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 20 റണ്‍സ്. അംഗീകൃത ബാറ്റ്സ്മാന്മാരെല്ലാം പുറത്തായ ആ സമയത്ത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സമീര്‍ ദീഗെ (22) കാണിച്ച മനോധൈര്യമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. കോളിന്‍ മില്ലറുടെ ഒരോവറില്‍ ദീഗെ നേടിയ രണ്ടു ഫോറുകള്‍ സമ്മര്‍ദ്ദത്തിന് അയവുവരുത്തുകയും ചെയ്തു. സഹീര്‍ ഖാന്‍ (പൂജ്യം) പുറത്തായെങ്കിലും ഹര്‍ഭജന്‍ സിംഹിന്റെ (3) സഹായത്തോടെ ദീഗെ ഇന്ത്യ വിജയത്തിലെത്തിച്ചു.












Click it and Unblock the Notifications