എഫ്സിയും എസ്ബിടിയും തോറ്റു
കൊച്ചി: ദേശീയ ഫുട്ബോള്‍ ലീഗില്‍ എഫ്സി കൊച്ചിന്റെ നിര്‍ഭാഗ്യം തുടരുന്നു. അവര്‍ക്ക് തുടര്‍ച്ചയായ രണ്ടാം പരാജയം. മാര്‍ച്ച് 22 വ്യാഴാഴ്ച വൈകീട്ട് നടന്ന മത്സരത്തില്‍ വാസ്കോ ഗോവയാണ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തു വിട്ടത്.
നേരത്തെ ബാംഗ്ലൂരില്‍ നടന്ന മത്സരത്തില്‍ ഐടിഐ ബാംഗ്ലൂരിനോടും എഫ്സി തോറ്റിരുന്നു. 13ാം മത്സരം വരെ പരാജയമറിയാതെ മുന്നേറിയ എഫ്സിക്ക് ദേശീയ ലീഗില്‍ നേരിട്ട കനത്ത തിരിച്ചടികളായി ഈ രണ്ടു പരാജയവും.
ഗോള്‍കീപ്പറായും ഫോര്‍വേഡായും കളിക്കുന്ന സണ്‍ഡേ സിയ മുമ്പത്തെ കളിയില്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായതിനാല്‍ വാസ്കോക്കെതിരെ കളിച്ചിരുന്നില്ല. മുന്നേറ്റനിരയില്‍ ഐഎം വിജയന്‍ വെറും നിഴലായി മാത്രം ഒതുങ്ങിപ്പോയപ്പോള്‍ വാസ്കോക്ക് വിജയം എളുപ്പമായി. ഒന്നാം പകുതിയുടെ 36ാം മിനിറ്റിലാണ് വാസ്കോ വിജയമുറപ്പിച്ച ഗോള്‍ നേടിയത്. അവുസ്ബെക്ക് ഖോഷിമോവ് തൊടുത്തു വിട്ട ഒരു ഇടങ്കാലനടി എഫ്സിയുടെ ഗോള്‍വലയുടെ മേല്‍ക്കൂരയിലേക്ക് ഇടിച്ചുകയറി (1-0).
15 കളികള്‍ പൂര്‍ത്തിയാക്കിയ എഫ്സി കൊച്ചിന്‍ ഇപ്പോള്‍ 29 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. 14 കളികളില്‍ നിന്ന് 31 പോയിന്റുള്ള ഈസ്റ് ബംഗാള്‍ ഒന്നാം സ്ഥാനത്തും 28 പോയിന്റോടെ മോഹന്‍ ബഗാന്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
തിരുവനന്തപുരത്ത് നടന്ന മറ്റൊരു കളിയില്‍ തിരുവനന്തപുരം എസ്ബിടിയെ ചര്‍ച്ചില്‍ ബ്രദേഴ്സ് ഗോവ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തറപറ്റിച്ചു. തുടര്‍ച്ചയായി രണ്ടു വിജയങ്ങള്‍ നേടിയ എസ്ബിടിയെ ഞെട്ടിപ്പിക്കുന്നതായി ഈ പരാജയം.
14ാം മിനിറ്റില്‍ സോമതായ് സെയ്സ ചര്‍ച്ചിലിനെ മുന്നിലെത്തിച്ചു. എന്നാല്‍ സണ്ണിയിലൂടെ എസ്ബിടി സമനില നേടി. രണ്ടാം പകുതിയുടെ 14ാം മിനിറ്റില്‍ ഉസ്ബെക്ക് താരം ഇഗോര്‍ഷ്വര്‍ക്കിന്‍ ചര്‍ച്ചിലിനു വേണ്ടി വിജയ ഗോള്‍ നേടി. എസ്ബിടിക്ക് ഇപ്പോള്‍ 15 കളികളില്‍ നിന്നായി 12 പോയിന്റാണുള്ളത്.












Click it and Unblock the Notifications