ഏകദിന പരമ്പര : ഞായറാഴ്ച തുടക്കം
ബാംഗ്ലൂര്‍: ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര മാര്‍ച്ച് 25 ഞായറാഴ്ച ബാംഗ്ലൂരില്‍ തുടങ്ങുമ്പോള്‍ എല്ലാ ക്രിക്കറ്റ് പ്രേമികളും ഉറ്റുനോക്കുന്നത് ഒന്നു മാത്രമാണ്. ടെസ്റില്‍ ആസ്ത്രേലിയന്‍ കുതിപ്പിന് വിരാമമിട്ട ഇന്ത്യക്ക് ഏകദിനത്തില്‍ ലോകചാമ്പ്യന്മാരെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുമോ..?
ഒരു ടെസ്റിന് പിന്നില്‍ നിന്ന് 2-1ന് പരമ്പര നേടിയ ഇന്ത്യയ്ക്ക് ആത്മവിശ്വാസത്തിനൊരു കുറവുമില്ല. പുതിയ കണ്ടെത്തലുകളായ ഹര്‍ഭജന്‍ സിംഹും വി.വി.എസ്. ലക്ഷ്മണും ഏകദിനപരമ്പരയില്‍ തങ്ങളുടെ ഉജ്വല പ്രകടനം ആവര്‍ത്തിക്കുമെന്ന് ടീം മാനേജ്മെന്റും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളും പ്രതീക്ഷിക്കുന്നു.
ടെസ്റ് പരമ്പരയില്‍ 503 റണ്‍സോടെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില്‍ മുന്നിലെത്തിയ ലക്ഷ്മണിന്റെ സമീപനം മറ്റു കളിക്കാര്‍ക്കു കൂടി പ്രചോദനമാകേണ്ടതാണ്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ പോലും പതറാതെ ബാറ്റ് വീശിയ ലക്ഷ്മണ്‍ ആസ്ത്രേലിയന്‍ ബൗളിംഗിനെ കൂസലില്ലാതെയാണ് പിച്ചിച്ചീന്തിയത്. ടെസ്റില്‍ പുലര്‍ത്തിയ മികവ് ഏകദിനത്തില്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്ന് തന്നെയാണ് ലക്ഷ്മണ്‍ കരുതുന്നത്.
ടെസ്റില്‍ 32 വിക്കറ്റെടുത്ത ഹര്‍ഭജന്‍ സിംഹിന്റെ പന്തുകള്‍ എങ്ങനെ വരുമെന്ന് ആസ്ത്രേലിയന്‍ ബാറ്റ്സ്മാന്മാര്‍ക്ക് ഇതുവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരോ പന്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ഈ യുവ പഞ്ചാബ് ഓഫ് സ്പിന്നര്‍ ഏകദിനത്തില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.
എന്നാല്‍ അവസാന പന്ത് എറിയുന്നതുവരെയും അവസാന റണ്‍ എടുക്കുന്നതു വരെയും ഒരു കളിയും തീരുന്നില്ല എന്നു വിശ്വസിക്കുന്ന ആസ്ത്രേലിയക്കെതിരെ സൗരവ് ഗാംഗുലി നയിക്കുന്ന ഇന്ത്യക്ക് വിജയം നേടണമെങ്കില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരും.
ടെസ്റ് പരമ്പര തോറ്റെങ്കിലും ഏകദിനത്തില്‍ ജയിക്കാന്‍ കഴിയുമെന്നു തന്നെയാണ് ആസ്ത്രേലിയ കരുതുന്നത്. രണ്ടു ടെസ്റുകളില്‍ അവസാന നിമിഷം വരെ വീരോചിതമായി പോരാടിയാണ് തോറ്റതെന്ന് ആസ്ത്രേലിയയുടെ ആത്മവിശ്വാസമുയര്‍ത്തുന്നു. തീ പാറുന്ന ഫാസ്റ് ബൗളിംഗ് കൊണ്ട് ഇന്ത്യയുടെ വിഖ്യാതമായ സച്ചിന്‍-ഗാംഗുലി-ദ്രാവിഡ് ബാറ്റിംഗ് ത്രയത്തെ ഭയപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു.
ടെസ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍ നേടിയ മാത്യു ഹെയ്ഡനെ ആസ്ത്രേലിയ ഏകദിനമത്സരത്തിലും ഇറക്കിയേക്കും. ആദ്യം പ്രഖ്യാപിച്ച ഏകദിന ടീമില്‍ ഹെയ്ഡന്‍ ഇല്ലായിരുന്നു. എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങളുമായി പരിചയപ്പെട്ട അദ്ദേഹത്തിന്റെ സേവനം ഏകദിനത്തില്‍ ആവശ്യമായിരിക്കുമെന്നതിനാല്‍ ഹെയ്ഡനെ ഉള്‍പ്പെടുത്തുകയായിരുന്നു.
ടീം ഇവരില്‍ നിന്ന്:
ഇന്ത്യ: സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് (വൈസ് ക്യാപ്റ്റന്‍), സദഗോപന്‍ രമേശ്, ദിനേശ് മോംഗിയ, വി.വി.എസ്. ലക്ഷ്മണ്‍, ഹേമാംഗ് ബദാനി, സുനില്‍ ജോഷി, സഹീര്‍ ഖാന്‍, വിജയ് ദാഹിയ, ജവഗല്‍ ശ്രീനാഥ്, അജിത് അഗാര്‍ക്കര്‍, ഹര്‍ഭജന്‍ സിംഹ്, റോബിന്‍ സിംഹ്, വിരേന്ദ്ര ഷെവാഗ്.
ആസ്ത്രേലിയ: സ്റീവ് വോ (ക്യാപ്റ്റന്‍), ആദം ഗില്‍ക്രിസ്റ് (വൈസ് ക്യാപ്റ്റന്‍), മൈക്കല്‍ ബെവന്‍, മാര്‍ക്ക് വോ, മാത്യു ഹെയ്ഡന്‍, ഡാമിയന്‍ മാര്‍ട്ടിന്‍, ഡാരന്‍ ലീമാന്‍, ആന്‍ഡ്രൂ സൈമണ്ട്സ്, ഷെയ്ന്‍ വോണ്‍, ഇയാന്‍ ഹാര്‍വി, ഡാമിയന്‍ ഫ്ലെമിംഗ്, റിക്കി പോണ്ടിംഗ്, ഗ്ലെന്‍ മക്ഗ്രാത്ത്, ജാസന്‍ ഗില്ലസ്പി, നഥാന്‍ ബ്രാക്കന്‍.












Click it and Unblock the Notifications