3 വര്‍ഷം പാകിസ്ഥാനുമായി ക്രിക്കറ്റില്ല
ദില്ലി: അടുത്ത മൂന്നു വര്‍ഷത്തേക്ക് പാകിസ്ഥാനുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
ഇതിനെത്തുടര്‍ന്ന് ഷാര്‍ജയിലും സിംഗപ്പൂരിലും ടൊറന്റോയിലും നടക്കാനിരിക്കുന്ന മത്സരങ്ങളില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങും. ഏപ്രില്‍ ഒന്ന് ഞായറാഴ്ച സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചതാണ് ഇക്കാര്യം. സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് ബിസിസിഐയെ അറിയിച്ചിട്ടുണ്ട്.
ഏപ്രില്‍ എട്ട് ഞായറാഴ്ചയായിരുന്നു ത്രിരാഷ്ട്ര ഷാര്‍ജാകപ്പ് ക്രിക്കറ്റ് തുടങ്ങേണ്ടിയിരുന്നത്. പാകിസ്ഥാനും ശ്രീലങ്കയുമായിരുന്നു മറ്റു ടീമുകള്‍.ഒടുവില്‍ ഇന്ത്യയ്ക്കു പകരം ഷാര്‍ജ കപ്പില്‍ കളിക്കാന്‍ ന്യൂസിലാന്റ് തയ്യാറായിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ പാകിസ്ഥാനില്‍ ഇന്ത്യ കളിക്കേണ്ടിയിരുന്ന ടെസ്റ് പരമ്പരക്കും ടൊറന്റോയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടക്കേണ്ടിയിരുന്ന സഹാറാ കപ്പ് മത്സരങ്ങള്‍ക്കും ടീമിനെ അയക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ തുടരുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നിര്‍ത്താതെ ഇന്ത്യന്‍ ടീമിനെ അയക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.
അടുത്തിടെ ഉണ്ടായ കോഴവിവാദത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ നടപടി കര്‍ശനമാക്കിയതിന്റെ ഭാഗമായാണ് മൂന്നു വര്‍ഷത്തേക്കുള്ള പുതിയ വിലക്ക്. ഷാര്‍ജ, ടൊറന്റോ, സിംഗപ്പൂര്‍ തുടങ്ങിയ വേദികളില്‍ വാതുവെപ്പ് ശക്തമായതിനാല്‍ ടീമിനെ അവിടേക്ക് അയക്കാന്‍ നിര്‍വാഹമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications