ലോകകപ്പ് യോഗ്യതാ മത്സരം: ഇന്ത്യക്ക് ചരിത്രജയം
ബാംഗ്ലൂര്‍: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിലെ ആദ്യ കളിയില്‍ ഇന്ത്യക്ക് ചരിത്രം ജയം. ഏപ്രില്‍ എട്ട് ഞായറാഴ്ച ബാംഗ്ലൂരിലെ ശ്രീ കണ്ഠീരവ സ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ (യുഎഇ) ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചു.
ഇന്ത്യ ക്യാപ്റ്റന്‍ ബൈച്ചൂങ് ബൂട്ടിയയാണ് യുഎഇയെ ഞെട്ടിച്ച ഗോള്‍ നേടിയത്. ജൂലിയസ് ആല്‍ബര്‍ട്ടോയില്‍ നിന്ന് പാസ് സ്വീകരിച്ച് മൂന്നേറിയ ബൂട്ടിയ യുഎഇ ഗോള്‍കീപ്പറെ കബളിപ്പിച്ച് പന്ത് വലയിലേക്ക് അടിച്ചു കയറ്റിയപ്പോള്‍ 30,000ത്തോളം വരുന്ന സ്റേഡിയത്തിലെ കാണികള്‍ ആര്‍ത്തിരമ്പി.
കളിയുടെ തുടക്കം മുതലേ ആക്രമണത്തിലായിരുന്നു ഇന്ത്യ ശ്രദ്ധിച്ചിരുന്നത്. ഇന്ത്യയുടെ ആക്രമണത്തിനു മുന്നില്‍ പതറിയ യുഎഇ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ലോക റാങ്കിംഗില്‍ ഏഷ്യയിലെ ആറാമത്തെ രാജ്യമായ യുഎഇക്ക് തനത് താളം കണ്ടെത്താന്‍ കഴിഞ്ഞത് കളിയുടെ അവസാനത്തെ 15 മിനിറ്റുകളില്‍ മാത്രമാണ്. ആ നിമിഷങ്ങളില്‍ ഇന്ത്യന്‍ ഗോള്‍ പോസ്റില്‍ ഗോള്‍കീപ്പര്‍ വീരേന്ദര്‍ ഏറെ നേരം പരീക്ഷിക്കപ്പെട്ടു. സമചിത്തതയോടെ ഓരോ ഷോട്ടുകളെയും നേരിട്ട വീരേന്ദര്‍ ലീഡ് നഷ്ടപ്പെടാന്‍ അനുവദിച്ചില്ല.
ഏപ്രില്‍ 15 ഞായറാഴ്ച യെമനെതിരെയും ഏപ്രില്‍ 17 ചൊവാഴ്ച ബ്രൂണിക്കെതിരെയുമാണ് ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങള്‍.












Click it and Unblock the Notifications